print edition യുഡിഎഫിന് അത്യാഹ്ലാദമോ? എക്‌സിറ്റ് പോൾ എന്ന കറക്കിക്കുത്ത്


സി കെ ദിനേശ്
Published on May 01, 2026, 03:04 AM | 2 min read
തിരുവനന്തപുരം: എക്‌സിറ്റ് പോൾ സർവേകൾ വന്നതോടെ, അവ വിശ്വാസത്തിലെടുത്ത് അമിതാഹ്ലാദത്തിലാണ് യുഡിഎഫും ബിജെപിയും. മറ്റ് പാർടികളെ പരിഹസിച്ച് സ്വയം ഇളിഭ്യരായ അനുഭവമുണ്ടെങ്കിലും ഇക്കുറിയും പതിവ് ആവർത്തിക്കുകയാണവർ. ഫലം എന്ത് തന്നെയായാലും ജനങ്ങളുടെ വിശ്വാസ്യതയാണ് അടിസ്ഥാനമെന്ന നിലപാടിലാണ് എൽഡിഎഫ്.
മുന്നണിക്കോ പാർടിക്കോ ശക്തമായ മേൽക്കൈയുള്ള സ്ഥലങ്ങളിൽ സാമ്പിളുകൾ ശരിയായി വരുമെങ്കിലും കടുത്തമത്സരമുള്ള സംസ്ഥാനങ്ങളിലെ ഫലം പ്രവചനാതീതമാണ്. മുന്പ്, ഹിമാചൽ പ്രദേശ്, ബംഗാൾ, ഹരിയാന, ബിഹാർ, അസം തുടങ്ങി പല സംസ്ഥാനങ്ങളിലും സർവേയ്ക്ക് നേരെ വിപരീത ഫലമുണ്ടായിട്ടുണ്ട്. സാമ്പിളിന്റെ വലുപ്പം, വിവര ശേഖരണത്തിന്റെ അടിസ്ഥാനം, സർവേ നടത്തുന്നവരുടെ വിശ്വാസ്യത, രാഷ്‌ട്രീയ താൽപ്പര്യം ഇവയെല്ലാം എക്‌സിറ്റ് പോളിനെ സ്വാധീനിക്കും. അന്തിമ ഫലവുമായി പൊരുത്തപ്പെടാത്തവയാണ് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും എന്നാണ് സെയ്‌ജ് ജേണൽ നടത്തിയ വിലയിരുത്തൽ.
ഇപ്പോൾ പുറത്തുവന്ന സർവേകളിൽ ഭരണവിരുദ്ധ വികാരമില്ലെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിണറായി വിജയനാണെന്നും വ്യക്തമാക്കുന്നു. എന്നിട്ടും യുഡിഎഫിന് മേൽക്കൈ ഉണ്ടെന്ന പ്രവചനത്തിലൂടെ സർവേ നടത്തിയവർ സ്വയം പരിഹാസ്യരാകുകയാണ്. പാലക്കാടും തൃശൂരുമുൾപ്പെടുന്ന മധ്യകേരളത്തിൽ പരമാവധി ഏഴ് സീറ്റാണ് എൽഡിഎഫിന് നൽകിയത് എന്നതും സാമ്പിളുകൾ തെറ്റിദ്ധരിപ്പിച്ചതിന്റെ തെളിവാണ്.
എൽഡിഎഫിന് വൻ തകർച്ചയും യുഡിഎഫിന് വന്പൻ വിജയവും പ്രവചിച്ച 2011ൽ 72 സീറ്റുമായി കഷ്ടിച്ച് യുഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. 2016ൽ പോലും യുഡിഎഫിന് വൻവിജയം പ്രവചിച്ചവരുണ്ട്. 2021ൽ ഒരു സർവേയും 90ലധികം സീറ്റ് നേടി എൽഡിഎഫ് വരുമെന്ന് പറഞ്ഞിരുന്നില്ല. 2011മുതൽ 2026വരെയുള്ള സർവേകളിലെല്ലാം എട്ട് മുതൽ 14സീറ്റ് വരെ എൻഡിഎയ്ക്ക് പ്രവചിച്ചിരുന്നു. യുഡിഎഫ് സഹായത്തോടെ ഒരിക്കൽ നേമത്ത് വിജയിച്ചതൊഴിച്ചാൽ എൻഡിഎ കേരളത്തിൽ നിലംതൊട്ടിട്ടില്ല.
എക്‌സിറ്റ് പോൾ ഫലം അടിസ്ഥാനരഹിതം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഉൽക്കണ്‌ഠയില്ലെന്നും അടിസ്ഥാനരഹിതമായ പല കാര്യങ്ങളും സർവേകളിൽ കാണുന്നുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്നുണ്ട്. ഒരു സീറ്റ് പോലും ഇക്കുറി ബിജെപിക്ക് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരമില്ലെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിണറായി വിജയനാണെന്നും വ്യക്തതയോടെ പറയുന്നുണ്ട്. എൽഡിഎഫിന് 60 മുതൽ 69 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ വ്യത്യാസം മാത്രം. അഞ്ചോ- എട്ടോ സീറ്റ് വ്യത്യാസം വരാനുള്ള സാധ്യതയും സർവേയിൽ പ്രവചിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടുകൾപ്രകാരംതന്നെ എൽഡിഎഫിന് വിജയ സാധ്യതയാണുള്ളത്. എൽഡിഎഫ് അധികാരത്തിൽ തുടരുമെന്ന് ഉറപ്പുണ്ട്.
യുഡിഎഫിനെ ജയിപ്പിച്ചേ അടങ്ങുവെന്ന് തീരുമാനിക്കുന്ന ചില പത്രങ്ങളുടെ സർവേയിലും ഇത്തരം പ്രവചനങ്ങൾ കടന്നുകൂടുക സ്വാഭാവികം. സർവേകളോ മറ്റ് റിപ്പോർട്ടുകളോ അല്ല, ജനങ്ങളിലാണ് എൽഡിഎഫിന്റെ വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വസ്തുതാവിരുദ്ധം: ടി പി രാമകൃഷ്‌ണൻ
കോഴിക്കോട് : എക്സിറ്റ് പോൾ ഫലങ്ങളിൽ വസ്തുതാവിരുദ്ധമായ നിരീക്ഷണങ്ങളാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഭരണത്തുടർച്ച ഉണ്ടാകും. എത്ര സീറ്റ് നേടുമെന്ന് പ്രവചിക്കാനില്ല. എക്സിറ്റ് പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. അന്നത്തെ നിരീക്ഷണം തെറ്റാണെന്ന് ഫലം തെളിയിച്ചതാണ്. ഇത്തവണത്തേതും സ്വീകരിക്കാനാകില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്നും ടി പി രാമകൃഷ്‌ണൻ വാർത്താലേഖകരോട് പറഞ്ഞു.








0 comments