print edition കേരള അഗ്രോ ഫുഡ് പ്രോ 2026ന് കളമശേരിയിൽ തുടക്കം

കളമശേരി
വ്യവസായവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംഘടിപ്പിച്ച ബയർ സെല്ലർ മീറ്റിലൂടെ 100 കോടിയുടെ ഓർഡറുകൾ സംരംഭകർക്ക് ലഭിച്ചെന്ന് വ്യവസായമന്ത്രി പി രാജീവ്. മേളയിൽ 22 രാജ്യങ്ങളിൽനിന്ന് 50ലേറെ കമ്പനികളാണ് ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തിയതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യവകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കളമശേരി ചാക്കോളാസ് പവിലിയനിൽ ആരംഭിച്ച കേരള അഗ്രോ ഫുഡ്പ്രോ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംരംഭകർക്ക് സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. കെ- സ്റ്റോറുകൾ വഴി പ്രാദേശിക സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി. ബി2ബി സംഗമങ്ങളിലൂടെയും ‘കേരള ബ്രാൻഡ്' പദ്ധതിയിലൂടെയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
കാർഷിക മേഖലയിലെ എംഎസ്എംഇകൾക്കായി വൻകിട പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2364 കോടി രൂപയുടെ ‘കേര' പദ്ധതിയിൽ 506 കോടി രൂപ അഗ്രോ എംഎസ്എംഇകൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. വ്യവസായവകുപ്പ് വാണിജ്യ ഡയറക്ടർ പി വിഷ്ണുരാജ്, നഗരസഭ കൗൺസിലർ പി എം സാദിക്ക്, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത്കുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ എസ് സൂരജ്, കെഎസ്എസ്ഐഎ സെൻട്രൽ സോൺ വൈസ് പ്രസിഡന്റ് പി ജെ ജോസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കോ–കൺവീനർ സന്തോഷ് കുമാർ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീ. ഡയറക്ടർ ജി രാജീവ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ തുടങ്ങിയവർ സംസാരിച്ചു.
ചെറുകിട സൂക്ഷ്‌മ സംരംഭകരുടെ കാർഷിക ഭക്ഷാധിഷ്‌ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേള തിങ്കളാഴ്‌ച സമാപിക്കും.









0 comments