print edition റബർ മേഖലയ്ക്ക് പ്രതീക്ഷയായി ‘കേര’; ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം


സ്വന്തം ലേഖകൻ
Published on May 14, 2026, 12:55 AM | 1 min read
തിരുവനന്തപുരം : ലോകബാങ്കിന്റെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ പുനർനടീൽ നടത്തുന്ന റബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ ധനസഹായം. സ്കീമിലേക്ക് റബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉൽപ്പാദനക്ഷമത കുറഞ്ഞ പഴയ റബർ മരങ്ങൾ മുറിച്ചുമാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉൽപ്പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങൾ നടുന്നതിനുമാണ് സഹായം.
30,000 ഹെക്ടർ പുനർനടീലിലൂടെ ഏകദേശം 50,000 റബർ കർഷകർക്ക് സഹായം ലഭ്യമാക്കും. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർവരെ റബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകും. ആദ്യവർഷം 55,000 രൂപയും രണ്ടാംവർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി 2 ഹെക്ടർവരെയുള്ള പുനർനടീലിന് ധനസഹായം ലഭിക്കും.
മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉൽപ്പാദനം ലഭിക്കുകയും വരുമാനം വർധിക്കുകയുംചെയ്യും. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അത്യുൽപ്പാദന റബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ ഉണ്ടാകും.
ഗുണമേന്മയുള്ള തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി ആറ് ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും. www.keraplantation.kerala.gov.in എന്ന വെബ്‌സൈറ്റിലുടെ അപേക്ഷിക്കാം. രജിസ്‌റ്റർ ചെയ്തവരെ പരിശീലന പരിപാടികളിലേക്ക് ക്ഷണിച്ച് യോഗ്യരായ കർഷകരെ കണ്ടെത്തും. ഫോൺ: തിരുവനന്തപുരം –6238450476, കോട്ടയം– 9037824036, തൃശൂർ – 9037824049, കണ്ണൂർ– 9037824047.











0 comments