ad
Deshabhimani

print edition 1124 കോടിയുടെ വിറ്റുവരവ്‌: പുതിയ ഉയരങ്ങളിൽ കെൽട്രോൺ

Keltron.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 11, 2026, 01:50 AM | 1 min read

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. കഴിഞ്ഞ സാമ്പത്തികവർഷം (2025–26) 1124 കോടിയുടെ വിറ്റുവരവാണ്‌ നേടിയത്‌. മുൻവർഷത്തെ 1057 കോടിയുടെ റെക്കോർഡാണ് മറികടന്നത്. കൃത്യസമയത്തെ ബിസിനസ് ചുവടുമാറ്റവും പ്ലാൻ ഫണ്ടിലൂടെയും ബജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ച സാമ്പത്തിക സഹായവും കുതിപ്പിൽ നിർണായകമായി.

കെൽട്രോണിനെ പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ സർക്കാർ അംഗീകരിച്ചിരുന്നു. പ്രതിരോധ ഇലക്‌ട്രോണിക്‌സ്‌ മേഖലയിലേക്കുള്ള ഉൽപ്പന്നങ്ങൾ നിർമിക്കൽ, ഐടി അനുബന്ധ ബിസിനസ്സ്‌ സേവന മേഖലകളിലെ പ്രവർത്തനങ്ങൾ, സ്മാർട്ട് ക്ലാസ് റൂം, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ട്രാഫിക് എൻഫോഴ്സ്‌മെന്റ്‌, ന്യൂക്ലി‌യർ പവർപ്ലാന്റുകൾക്ക് വേണ്ടിയുള്ള പവർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി പദ്ധതികൾ, സെക്യൂരിറ്റി സർവൈലൻസ് ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ഹൈ മീഡിയം മാസ്‌റ്റ്‌ ലൈറ്റ്‌ പദ്ധതികൾ തുടങ്ങിയവ വിറ്റുവരവിലെ വർധനയിൽ പ്രതിഫലിച്ചു.

കെൽട്രോണിന്റെ അനുബന്ധ കമ്പനികളായ കണ്ണൂർ കെസിസിഎൽ 115 കോടിയും മലപ്പുറത്തെ കെഇസിഎൽ 47 കോടിയും ഉൾപ്പെടെ കെൽടോൺ ഗ്രൂപ്പ് കന്പനികൾ 1286 കോടി രൂപയുടെ വിറ്റുവരവും 84 കോടി രൂപയുടെ പ്രവർത്തന ലാഭവുമുണ്ടാക്കി. 2024-–25ൽ കെൽട്രോൺ ഗ്രൂപ്പിന്റെ വിറ്റുവരവ് 1198 കോടി രൂപയായിരുന്നു. വ്യവസായ വകുപ്പിന് സമർപ്പിച്ച മാസ്റ്റർപ്ലാൻ പ്രകാരം 2030-നകം 2000 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി കെൽട്രോണിനെ വളർത്താൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇ‍ൗ സാമ്പത്തിക വർഷം 1200 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവിൽ 1500 കോടി രൂപയുടെ ഓർഡർ ബുക്കിങ്ങുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home