കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉല്‍പ്പാദന യൂണിറ്റ്
print edition റയോൺസ് ഭൂമിയിൽ കാൽനൂറ്റാണ്ടിനുശേഷം വ്യവസായം തളിരിട്ടു

പെരുമ്പാവൂരിൽ ആരംഭിച്ച ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് കമ്പനിയായ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉൽപ്പാദന യൂണിറ്റ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കാൽനൂറ്റാണ്ടിനുശേഷം വീണ്ടും വ്യവസായം തളിരിട്ടു. പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉല്‍പ്പാദന യൂണിറ്റ് ബുധനാഴ്‌ച വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു.
റയോൺസിൽനിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കില്‍ 15,000 ചതുരശ്രയടി കെട്ടിടം നവീകരിച്ചാണ് ഫാക്ടറി സജ്ജമാക്കിയത്. സെപ്‌തംബറിലാണ് കെയ്ന്‍സിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിര്‍മിക്കുന്ന 80,000 ചതുരശ്രയടി ബീറ്റ ബില്‍ഡിങ്ങിന്റെ നിര്‍മാണോദ്ഘാടനവും നടന്നു.
കമ്പനിയുടെ അടുത്ത രണ്ടുഘട്ടങ്ങൾ എട്ടുമാസം വീതമെടുത്ത് പൂർത്തിയാക്കുമെന്ന് കെയ്‌ൻസ് മാനേജ്മെന്റ് ഉറപ്പുനൽകിയതായി മന്ത്രി പി രാജീവ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ വന്ന മറ്റൊരു നിക്ഷേപ വാഗ്ദാനം കൂടിയാണ് യാഥാര്‍ഥ്യമായത്. വാഹനങ്ങൾ, റെയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി വിവിധ മേഖലകള്‍ക്ക് ആഗോളതലത്തില്‍ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ രൂപകൽപ്പനചെയ്ത് നിർമിക്കുന്ന മൈസൂരു ആസ്ഥാനമായുള്ള കമ്പനി സംസ്ഥാനത്ത് 350 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ എൻ സംഗീത, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെൽട്രോൺ എംഡി ശ്രീകുമാർനായർ, കെയ്ൻസ് ടെക്നോളജി ചെയർപേഴ്സൺ സവിത രമേഷ്, കെയ്ൻസ് സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ രമേഷ് കുഞ്ഞിക്കണ്ണൻ, എംഡി ഡോ. എൻ മുത്തുകുമാർ, സാജു പോൾ, വി പി ബാബു എന്നിവർ സംസാരിച്ചു.










0 comments