print edition അധ്യാപകർക്കെതിരെ കൊലവിളി; കെഎസ്‌യു നേതാവിനെതിരെ നിയമനടപടിയുമായി കോളേജ്

കായംകുളം: എംഎസ്എം കോളേജ് അധ്യാപകർക്കെതിരെ കൊലവിളി നടത്തിയ കെഎസ്‌യു നേതാവിനെതിരെ ഡിവൈഎസ്‌പിക്ക് പരാതി. കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിനെതിരെയാണ് കോളേജ് കൗൺസിൽ തീരുമാനപ്രകാരം പ്രിൻസിപ്പൽ പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കോളേജ് ഫിസിക്‌സ് വിഭാഗം മേധാവി കെ എം അനിൽകുമാർ, സഹ അധ്യാപകരായ ഡോ. ഫറൂക്ക്, അൻവർ, അൻസാരി എന്നിവർക്കെതിരെ വധഭീഷണി മുഴക്കിയത്.
സുഹൈൽ 2021 – 2024 കാലയളവിൽ ബിഎ എക്കണോമിക്‌സ് പൂർത്തീകരിച്ചതാണ്, ജയിച്ചിട്ടില്ല. ഈ കാലയളവിൽ നിരന്തരം അച്ചടക്കലംഘനം നടത്തി. ഇയാൾക്കെതിരെ നിരവധി പരാതി കായംകുളം പൊലീസ് സ്‌റ്റേഷനിൽ കോളേജ് അധികൃതർ നൽകിയിരുന്നു.
2025 അക്കാദമിക് വർഷത്തേക്ക് എഫ്‌വൈയുജിപി ബിഎ ഹിസ്‌റ്ററി കോഴ്സിലേക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചു. സർവകലാശാലയിൽനിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റിന്റെ അംഗീകാരത്തോടെ വിദ്യാർഥിക്ക് പ്രവേശനം നൽകേണ്ടെന്ന് കോളേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു.
ഇതിനെതിരെ ഇയാൾ കോടതിയിൽ കേസ് ഫയൽ ചെയ്‌തു. പഠന കാലയളവിൽ കോളേജ് കെട്ടിടം നശിപ്പിക്കുക, വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുക തുടങ്ങിയ നിരവധി അച്ചടക്കലംഘനങ്ങൾ നടത്തിയതിനാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.
ഹാജർ കുറവായതിനാലും കോടതി കോളേജിന് അനുകൂലമായി വിധിച്ചു. തുടർന്നാണ് പ്രവേശനം നിഷേധിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ പറഞ്ഞു.










0 comments