കായംകുളത്ത് വയോധികയെ കൊന്ന് കായലിൽ തള്ളിയ കേസ്: പ്രതി പിടിയിൽ

കൊല്ലപ്പെട്ട തങ്കമ്മ (ഇടത്)
കാർത്തികപ്പള്ളി: കായംകുളത്ത് വയോധികയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹമാണ് കഴിഞ്ഞ ദിവസം കായലിൽ കണ്ടെത്തിയത്. തങ്കമ്മയുടെ അയൽവാസിയായ പ്രകാശനാണ് പിടിയിലായത്.
കൈയും കാലും തുണിവച്ച് ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ഇവരുടെ ദേഹത്തുണ്ടായിരുന്ന അഞ്ച് വള ഉൾപ്പെടെ ആറു പവനോളം സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് വടക്കുഭാഗത്ത് കായംകുളം കായലിൽ മൃതദേഹം കണ്ടത്. അണിഞ്ഞിരുന്ന കമ്മൽ മൃതദേഹത്തിൽ തന്നെയുണ്ടായിരുന്നു.
24 വർഷം മുമ്പ് ഭർത്താവ് ഭാസ്‌കരൻ മരിച്ചതിനുശേഷം ഏറെനാളും തങ്കമ്മ തനിച്ചാണ് താമസിച്ചിരുന്നത്. ഇവരുടെ മകൻ സത്യദാസ് കുടുംബവീട്ടിൽനിന്ന് മാറിയാണ് താമസിക്കുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ഇയാൾ 20 നാണ് അവധിക്കുശേഷം നാട്ടിൽനിന്ന് മടങ്ങിയത്. മകൾ ഷൈമോളും മാറിയാണ് താമസിക്കുന്നത്.
തങ്കമ്മയെക്കുറിച്ച് കൂടുതൽ അറിയാവുന്നവരാണ് കൊലപാതകം നടത്തിയതെന്ന പ്രാഥമികനിഗമനത്തിലാണ് പൊലീസ് അന്വേഷമം പുരോഗമിച്ചത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.










0 comments