print edition പെൺമക്കളെക്കുറിച്ച് ടെൻഷൻവേണ്ട; ചേർത്തുപിടിക്കാൻ കാട്ടാക്കടയുണ്ട്

കാട്ടാക്കട: ആർത്തവ സമയത്ത് വിദ്യാർഥിനികൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ പലപ്പോഴും അധ്യാപകരെയും വിഷമിപ്പിക്കാറുണ്ട്. കുട്ടികൾ വിഷമിക്കുമ്പോൾ അധ്യാപകരും പരിഭ്രമത്തിലാകും. പെൺമക്കളുടെ അവസ്ഥയോർത്ത് വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്കും സമാധാനം കിട്ടാറില്ല.
ആർത്തവബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികളെ സ്റ്റാഫ് റൂമിലോ, മറ്റ് മുറികളിലോ മാറ്റിയിരുത്താറാണ് പതിവ്. പെൺകുട്ടികൾക്ക് പക്ഷേ, അത് അത്രയും ഒരു കരുതലായി തോന്നാറില്ല. ഇൗ സാഹചര്യം മറികടക്കാനാണ് കാട്ടാക്കടയിൽ ‘ഒപ്പം’ പദ്ധതിക്ക് തുടക്കമിട്ടത്.
കേരളത്തിലാദ്യമായി ഒരു മണ്ഡലത്തിൽ എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർഥിനികൾക്ക് പ്രത്യേക മുറി എന്ന ആശയം അവതരിപ്പിച്ചത് കാട്ടാക്കടയിൽ ഐ ബി സതീഷ് എംഎൽഎയാണ്. ആർത്തവ സമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കുന്നതിനാണ് പ്രത്യേക മുറി.
മണ്ഡലത്തിലെ 12 സ്കൂളുകളിലും ഈ പെണ്ണിടങ്ങൾ തയ്യാറാക്കിയിരിക്കുന്നു. മുറിയിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, മേശ, കസേരകൾ, രണ്ട് കട്ടിലുകൾ, ശുചിമുറി, നാപ്കിൻ വൈന്റിങ് മെഷീൻ, കൂളർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നാണയം ഇട്ടാൽ മൂന്ന് പാഡുള്ള ഒരു പാക്കറ്റ് നാപ്കിൻ ലഭിക്കുന്ന മെഷീനും സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ശാരീരിക ബുദ്ധിമുട്ടുകളെയോർത്ത് അധ്യാപകരും രക്ഷിതാക്കളും ടെൻഷനടിക്കേണ്ടെന്ന് ഉറപ്പുനൽകുകയാണ് കാട്ടാക്കടയിലെ ഒപ്പം പദ്ധതി.










0 comments