ad
Deshabhimani

print edition വടക്ക്‌ ഇടതുകാറ്റ്‌

kasargod
avatar
പി പ്രകാശൻ ​

Published on Mar 09, 2026, 12:00 AM | 2 min read

കാസർകോട്‌: എക്കാലത്തും ഇടതുപക്ഷത്തിന്‌ ശക്തമായ മേൽക്കൈയുള്ള ജില്ല. എ കെ ജിയെ ലോക്‌സഭയിലേക്കും മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസിനെയും ഇ കെ നായനാരെയും നിയമസഭയിലേക്കും എത്തിച്ച മണ്ണ്‌. 2021ലെ തെരഞ്ഞെടുപ്പിൽ കാസർകോട്‌ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്തും ജയം എൽഡിഎഫിനൊപ്പം– ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂർ. യുഡിഎഫ്‌ വിജയിച്ച മഞ്ചേശ്വരവും കാസർകോടും വർഷങ്ങളായി മുസ്ലിംലീഗിന്റെ കൈവശം.


കോൺഗ്രസിന്‌ ജില്ലയിൽനിന്ന്‌ എംഎൽഎ ഇല്ലാതായിട്ട്‌ നാലു പതിറ്റാണ്ടടുക്കുന്നു. 1987ലാണ്‌ കോൺഗ്രസ്‌ എംഎൽഎ അവസാനമായി ജില്ലയിൽനിന്ന്‌ നിയമസഭ കണ്ടത്‌. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും ജില്ലയിൽ എൽഡിഎഫ്‌ നില ഭദ്രമായിരുന്നു. ജില്ലാപഞ്ചായത്ത്‌ തുടർച്ചയായ രണ്ടാംതവണയും നിലനിർത്തി. മൂന്നിൽ രണ്ട്‌ നഗരസഭകളും ആറിൽ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും 14 ഗ്രാമപഞ്ചായത്തുകളും എൽഡിഎഫ്‌ നേടി. ബിജെപി എ ക്ലാസ്‌ മണ്ഡലമായി കണക്കാക്കുന്ന മഞ്ചേശ്വരത്തും കാസർകോടും വർഗീയത ഇളക്കിവിട്ടും പണമൊഴുക്കിയുമാണ്‌ എക്കാലവും മത്സരത്തിനിറങ്ങുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ബിഎസ്‌പിയിലെ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിപ്പിക്കാൻ ഭീഷണിപ്പെടുത്തിയതിന്‌ ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രനെതിരായ കേസ്‌ ഹൈക്കോടതിയിലാണ്‌.


kasargod


കെ സുരേന്ദ്രനെയും മറ്റ്‌ അഞ്ച്‌ ബിജെപി നേതാക്കളെയും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്‌. കാസർകോട്‌ തുടർച്ചയായ മൂന്നുതവണ എംഎൽഎയായ മുസ്ലിംലീഗിലെ എൻ എ നെല്ലിക്കുന്ന്‌ ഇത്തവണ മാറാനാണ്‌ സാധ്യത. ഇതോടെ പുതിയ സ്ഥാനാർഥിയെച്ചൊല്ലി ലീഗിൽ തർക്കം തുടങ്ങി. ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഇവിടെ നോട്ടമിട്ടതോടെ, പുറത്തുള്ള ആരെയും അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ ജില്ലയിലെ ലീഗ്‌. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌ മണ്ഡലങ്ങൾ രൂപീകരിച്ചശേഷം ഇതുവരെ എൽഡിഎഫിനെ കൈവിട്ടിട്ടില്ല. കാഞ്ഞങ്ങാടിന്‌ മുന്പുണ്ടായിരുന്ന ഹൊസ്‌ദുർഗ്‌ 1977നുശേഷം ഒറ്റത്തവണമാത്രമാണ്‌ നഷ്ടമായത്‌. ഉദുമ മൂന്നര പതിറ്റാണ്ടായി എൽഡിഎഫിനൊപ്പമാണ്‌.


എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുപതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കി. ആറുവരി ദേശീയപാതയുടെ ആദ്യ റീച്ച്‌ പൂർത്തിയായി വാഹനങ്ങൾ ഓടിത്തുടങ്ങി. സംസ്ഥാനത്ത്‌ ആദ്യം പൂർത്തിയായ ദേശീയപാത റീച്ചാണിത്‌. കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞവർഷം മുതൽ എംബിബിഎസ്‌ പ്രവേശനം ആരംഭിച്ചു. മലയോര ഹൈവേ, നീലേശ്വരത്തെയും നടക്കാവിലെയും ആധുനിക സ്റ്റേഡിയങ്ങൾ, ആധുനിക നിലവാരത്തിലുള്ള ആശുപത്രി കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങി എണ്ണമറ്റ വികസന പദ്ധതികളാണ്‌ ഇക്കാലത്ത്‌ നടപ്പാക്കിയത്‌. വികസനം പറഞ്ഞുതന്നെയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനിറങ്ങുന്നത്‌. അന്തിമ വോട്ടർപ്പട്ടിക പ്രകാരം ജില്ലയിൽ 10,96,241 വോട്ടർമാരാണുള്ളത്‌. ഇതിൽ 5,40,698 പുരുഷന്മാരും 5,55,530 സ്‌ത്രീകളും 13 ട്രാൻസ്‌ജെൻഡർമാരും. 2021ൽ 10,58,337 ആയിരുന്നു ആകെ വോട്ടർമാർ. ഇത്തവണ 37,904 പേർ അധികമായുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home