പിതാവിന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു; 17കാരന് പരിക്ക്

കാസർകോട്: വീട്ടിൽവച്ച പിതാവിന്റെ തോക്ക് എടുത്ത് പരിശോധിക്കവെ അബദ്ധത്തിൽ വെടിയേറ്റ് പതിനേഴുകാരനായ മകന് ഗുരുതര പരിക്ക്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാട് സോളാർ മഹലിൽ താമസിക്കുന്ന കുഞ്ഞഹമ്മദിന്റെ മകൻ അഫാസ് അഹമ്മദിനാണ് വെടിയേറ്റത്. അഫാസ് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് കുഞ്ഞഹമ്മദിന്റെ പേരിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനി രാത്രി 9.30നാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ തലയിണക്കിടയിൽവച്ചിരുന്ന തോക്ക് കുട്ടി എടുത്തു പരിശോധിക്കുന്നതിനിടയിൽ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട ദേഹത്ത് തുളഞ്ഞുകയറി. അശ്രദ്ധയോടെ തോക്ക് സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ബിഎൻഎസ് 2023ലെ 125(ബി) വകുപ്പും ആംസ് ആക്ട് 30–-ാം വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റർചെയ്തത്. എസ്ഐ പി പി മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments