Deshabhimani

1300 കുരുന്നുകളെയൂട്ടി കരുനാഗപ്പള്ളിയിലെ ഓട്ടോ മാമന്മാർ; വേറിട്ട മാതൃക

Auto Drivers Feed School Kids in Karunagappally

കരുനാഗപ്പള്ളി യുപിജി സ്കൂളിൽ കുട്ടികൾക്ക് ഓട്ടോ ഡ്രൈവർമാർ ഭക്ഷണം വിളമ്പി നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 17, 2026, 07:53 AM | 1 min read

കരുനാഗപ്പള്ളി: ദിവസവും തങ്ങള്‍ ഉത്തരവാദിത്തത്തോടെ സ്കൂളിലും വീട്ടിലുമെത്തിക്കുന്ന കുരുന്നുകള്‍ക്ക് അവര്‍ വയറുനിറച്ചൂട്ടി.  സദ്യ വിളമ്പാന്‍ ആഗ്രഹിച്ചെങ്കിലും കുരുന്നുകള്‍ ബിരിയാണി മതിയെന്ന് പറഞ്ഞോടെ അതു വിളമ്പി. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി ഓട്ടോ ഡ്രൈവർമാരാണ് വേറിട്ട മാതൃകയായത്.


കരുനാഗപ്പള്ളി ഗവ. യുപിജി സ്കൂളിലേയും ഗവ. ടൗൺ എൽപി സ്കൂളിലെയും 1300 വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഓട്ടോത്തൊഴിലാളികൾ ഒരുക്കിയ വിരുന്നിൽ പങ്കാളികളായി. കരുനാഗപ്പള്ളി യുപിജി സ്കൂളിൽ മാത്രം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരേയും സുരക്ഷിതരായി എത്തിക്കുന്നത് 40 ഓട്ടോ ഡ്രൈവർമാരാണ്. ഇവർക്ക് ഓണാഘോഷത്തോട്‌ അനുബന്ധിച്ച് സദ്യ നൽകണമെന്നായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍, കുട്ടികൾക്കെല്ലാം ബിരിയാണി മതി. അങ്ങനെ ബിരിയാണിയിലെത്തി. ആദ്യം ഓട്ടോ ഡ്രൈവർമാർ തന്നെ ഭക്ഷണം വിളമ്പി നൽകി. പിന്നീട് അധ്യാപകരും രക്ഷാകർത്താക്കളും പങ്കാളികളായി. 


യുപിജി സ്കൂളിൽ പ്രാധാനാധ്യാപിക രശ്മി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. എസ്എംസി ചെയർമാൻ അനിൽകുമാർ അധ്യക്ഷനായി. ടൗൺ എൽപി സ്കൂളിൽ പ്രധാനാധ്യാപിക കെ ശ്രീകുമാരി, എസ്എംസി ചെയർമാൻ അബ്ദുൽ കബീർ എന്നിവർ നേതൃത്വം നൽകി.  


ദേശീയപാത നിർമാണം ആരംഭിച്ചതോടെ സ്റ്റാന്‍ഡുകൾ ഇല്ലാതായതും അനിയന്ത്രിത ഇന്ധനവില വർധനവും കാരണം വരുമാനം കുറഞ്ഞെങ്കിലും വിരുന്നൊരുക്കാന്‍ അതൊന്നും തടസ്സമായില്ല. തങ്ങളോടൊപ്പം വന്നുപോകുന്ന കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്വന്തം ചെലവിൽ തന്നെ കൊടുക്കണം എന്നത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.   



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home