സ്‌റ്റൈലാകാം, ഉടുക്കാം കരുമാല്ലൂർ ഖാദി സാരി ; അഡ്വക്കറ്റ്‌സ് കോട്ടും വിപണിയിൽ

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും എറണാകുളം സെന്റ് തെരേസാസ് കോളേജ് ഫാഷൻ ഡിസൈൻ ഡിപ്പാർട്മെന്റും ചേർന്ന് സംഘടിപ്പിച്ച ഖാദി - ഫാഷൻ ഷോയും "കരുമാലൂർ' ഖാദി സാരിയുടെ ലോഞ്ചും അഡ്വക്കറ്റ്സ് കോട്ടിന്റെ വിപണനവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി രാജീവിനെ സ്റ്റേറ്റ് അറ്റോർണി അഡ്വ. എൻ മനോജ്കുമാർ ഖാദി കോട്ടണിയിച്ചപ്പോൾ
കൊച്ചി
ഖാദി പഴയ ഖാദിയല്ല. ഇത് വെറും വാക്കല്ല. പുതിയ ട്രെൻഡിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും മനസ്സറിഞ്ഞ് ഖാദിയും മാറുകയാണ്. ഏറ്റവും ഒടുവിലായി ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയിരിക്കുന്നത് കരുമാല്ലൂർ ഖാദി സാരിയും അഭിഭാഷകർക്കുള്ള അഡ്വക്കറ്റ്‌സ് കോട്ടും. മന്ത്രി പി രാജീവ് വിപണനോദ്‌ഘാടനം നിർവഹിച്ചു.
കരുമാല്ലൂർ ഖാദിസാരി യാഥാർഥ്യമായത് മന്ത്രി പി രാജീവിന്റെ പൂർണപിന്തുണയിലാണ്. കരുമാല്ലൂർ ഖാദി ഉൽപ്പാദന കേന്ദ്രത്തിലാണ് സാരി തയ്യാറാക്കുന്നത്. മൃദുവായ കോട്ടണിൽ പരിസ്ഥിതിസൗഹൃദമായാണ് ഒരുക്കിയിരിക്കുന്നത്. കനംകുറവും ഡിജിറ്റൽ പ്രിന്റിങ്ങുമാണ്. ഇതിലെ ക്യുആർ കോഡുവഴി എവിടെ, എപ്പോൾ, ആര് തയ്യാറാക്കി എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാം. ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചുള്ള ഡിസൈനിലും സാരി തയ്യാറാക്കി നൽകും. 2800 രൂപയ്‌ക്കുമുതൽ ലഭിക്കും. കരുമാല്ലൂരിലെ ഖാദി ഉൽപ്പാദന കേന്ദ്രത്തിന്റെ വിപുലീകരണത്തിന് മന്ത്രി പി രാജീവ് ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഖാദി ഗ്രാമവ്യവസായ ബോർഡ് തൊഴിലാളികൾക്ക് പരിശീലനവും നൽകി.
പരിസ്ഥിതിസൗഹൃദമാണ് അഡ്വക്കറ്റ്‌സ് കോട്ട്. ചൂടിൽനിന്ന് പരിരക്ഷ നൽകും. ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് പയ്യന്നൂർ ഖാദി കേന്ദ്രത്തിലാണ്. 3500 രൂപയ്‌ക്കുമുതൽ കോട്ട് ലഭിക്കും. സാരിയും കോട്ടും ബോർഡിന്റെ ഒൗട്ട്‌ലെറ്റുകൾ മുഖേനയും ഓൺലൈനായും വാങ്ങാം. ഹൈക്കോർട്ട് അഡ‍്വക്കറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഖാദി കോർണർ ആരംഭിക്കാൻ ഒരുങ്ങുകയാണ് ബോർഡ്. ഇവിടെയും കോട്ട് ലഭിക്കും.
വിപണനോദ്‌ഘാടനച്ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. അഡ്വക്കറ്റ്‌സ് കോട്ട് സ്‌റ്റേറ്റ് അറ്റോർണി എൻ മനോജ്‌കുമാറും കരുമാല്ലൂർ സാരി സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ അനു ജോസഫും ഏറ്റുവാങ്ങി. സിസ്‌റ്റർ ടെസ്സ, ബോർഡ് സെക്രട്ടറി ഡോ. കെ രതീഷ്, കെ ചന്ദ്രശേഖരൻ, സാജൻ തൊടുക, കെ എസ് രമേശ്‌ബാബു, ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, എസ് ശിഹാബുദീൻ എന്നിവർ സംസാരിച്ചു.









0 comments