കഠിനംകുളം കൊലപാതകം: ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം 21നാണ് ഇയാൾ വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. പിന്നാലെ രക്ഷപ്പെട്ട ജോൺസണെ കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വൈദ്യപരിശോധനയിൽ ജോൺസൺന്റെ ഉള്ളിൽ വിഷാശം ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പ്രതിയെ തിരുവനന്തപുരത്തെത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു.
ജോൺസണും ആതിരയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയത്തിലാകുന്നത്. ഒരേ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ റീൽസ് പോസ്റ്റ് ചെയ്തത് വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഒരു ഗ്രൂപ്പുണ്ടാക്കി ഒരുമിച്ച് റീൽസുകൾ ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ അടുപ്പത്തിലാകുകയായിരുന്നു. ജോൺസൺ വിവാഹ ബന്ധം വേർപിരിഞ്ഞയാളാണ്. ആതിരയും വിവാഹിതയാണ്. ആതിരയൊട് ഒപ്പം ചെന്ന് താമസിക്കണമെന്ന് ജോൺസൺ നിർബന്ധിച്ചിരുന്നു. എന്നാൽ തനിക്ക് കുടുംബമുണ്ടെന്നും ഒപ്പം വരാൻ തയാറല്ലെന്നും ആതിര അറിയിച്ചതോടെ പ്രതി കൊലപാതകത്തിന് ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം ചെയ്യുന്നതിന് വേണ്ടി കത്തി വാങ്ങി സൂക്ഷിക്കുകയും പെരുമാതുറയിൽ വന്ന് ജോൺസൺ താമസിക്കുകയും ചെയ്തു.
ജനുവരി 21ന് ആതിരയുടെ വീട്ടിലെത്തിയ ജോൺസൺ സംസാരിക്കുന്നതിനിടെ ആതിരയെ ബലമായി കീഴ്പ്പെടുത്തി ഷർട്ടിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന ആതിരയുടെ സ്കൂട്ടറുമായി പ്രതി രക്ഷപെടുകയായിരുന്നു. പിന്നീട് ഈ സ്കൂട്ടർ ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെത്തിയ ജോൺസൺ പൊലീസെത്തിയതറിഞ്ഞ് 23ന് കോട്ടയം ചിങ്ങവനത്തേക്ക് രക്ഷപ്പെടുകയായിരുന്നു. മുമ്പ് ഹോം നഴ്സ് ആയി ജോലി ചെയ്തിരുന്ന വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയതോടെയാണ് ജോൺസൺ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.










0 comments