കൊടും ക്രിമിനലായ ബിജെപി കൗണ്‍സിലറെ പുറത്താക്കണം; കോര്‍പ്പറേഷനിലേക്ക് എൽഡിഎഫ് മാർച്ച്

തിരുവനന്തപുരം : കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കൗൺസിലിൽ നിന്നും അടിയന്തിരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മാർച്ച് നടത്തി എൽഡിഎഫ് . സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
മുന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എ വി ജോയി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് തഴച്ചു വളരുന്ന ബിജെപി-ആർഎസ്എസ് കൊട്ടേഷൻ-ഗുണ്ടാ സംഘങ്ങൾ നഗരത്തിലെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാപ്പ കേസ് പ്രതിയായ സുഗതൻ കൗൺസിലറായതിനുശേഷം വാർഡ് ആർഎസ്എസ് ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു. വട്ടിയൂർക്കാവ് മലമുകളിൽ ആർഎസ്എസ് നടത്തിയ ആക്രമണത്തിന് വിവിധ പ്രദേശങ്ങളിൽനിന്ന് ഗുണ്ടകളെ എത്തിച്ചതും സുഗതനാണ്.
ജൂൺ പത്തിനാണ് വധശ്രമക്കേസിൽ പ്രതിയായ സുഗതൻ പൊലീസ് പിടിയിലാകുന്നത്. 2012 മുതൽ വിവിധ കേസുകളിൽ പ്രതിയാണ് സുഗതൻ. ജനപ്രതിനിധിയായി തെരഞ്ഞെടുത്തശേഷവും വധശ്രമക്കേസിൽ പ്രതിയായി. തുടർന്നാണ് ഒളിവിൽ പോയത്. രണ്ടുതവണ കാപ്പ ചുമത്തിയിട്ടും സുഗതനെ എന്തുകൊണ്ട് ബിജെപി സ്ഥാനാർഥിയാക്കിയെന്ന ചോദ്യവും പ്രസക്തമാകുകയാണ്.










0 comments