ആദ്യം നുണ പടർത്തും ; പിന്നാലെ ക്വട്ടേഷൻ ആക്രമണം
print edition കനുഗോലു നിർദേശം ; കലാപമുണ്ടാക്കി കളംപിടിക്കാനോ ?

കണ്ണൂർ
ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ കെഎസ്‌യു സംഘം ആക്രമിച്ചത് തെരഞ്ഞെടുപ്പിനുമുന്പ് കലാപത്തിലൂടെ കളംപിടിക്കാനുള്ള ആസൂത്രിത നീക്കം. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലുയർന്ന വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള വികസനം തെരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത് യുഡിഎഫിന് ദോഷംചെയ്യുമെന്ന ‘കനുഗോലു’ വിലയിരുത്തലിനെ തുടർന്നാണിത്.
വികസനം സജീവ ചർച്ചയായി നിൽക്കുന്നത് വിജയസാധ്യത തീർത്തും ഇല്ലാതാക്കുമെന്നും അത് തടയാനുള്ള ഏതുനീക്കവും സ്വീകരിക്കണമെന്നുമാണ് നിർദേശം. വികസന വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചില്ലെങ്കിൽ യുഡിഎഫിന്റെ നില തീർത്തും പരുങ്ങലിലാകുമെന്നാണ് വിലയിരുത്തൽ.
വീണാ ജോർജിന് പരിക്കേറ്റിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സതേടിയത് നാടകമാണെന്നും പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം രണ്ടാംദിനത്തിലും ശ്രമിച്ചത്. ഒൗദ്യോഗിക പരിപാടി കഴിഞ്ഞ് ട്രെയിൻ കയറാനെത്തിയ മന്ത്രിയെ ആക്രമിച്ച നടപടിയെ വാക്കുകൊണ്ടുപോലും തള്ളിപ്പറയാതെ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ ‘അഭിനയ’മെന്ന മൂന്നാംകിട പരാമർശമാണ് നടത്തിയത്. ‘കൊല്ലടാ അവളെ’ എന്നാക്രോശിച്ച് അക്രമികൾ ഓടിയടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. പൊലീസും ഒപ്പമുണ്ടായിരുന്ന ഗൺമാൻമാരും തടയാൻ ശ്രമിക്കുന്നതിനിടെ മന്ത്രിയെ അക്രമി കൈയേറ്റം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.
വീണാ ജോർജ് അക്രമത്തിനിരയായ ബുധനാഴ്‌ച രാവിലെ വയനാട്ടിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽ ജോയി നടത്തിയ പ്രസംഗം അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ വ്യക്തമായ സന്ദേശമാണ്. ഞായറാഴ്‌ച ജില്ലയിലെത്തുന്ന ‘തന്പുരാട്ടി’യുടെ മുഖത്തെ വെളുപ്പുമാറ്റുന്നതിന് ജില്ലയിടുനീളം കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്ന പ്രകാപനപരമായ പ്രസംഗമാണ് അമൽ ജോയി നടത്തിയത്.
ആദ്യം നുണ പടർത്തും ; പിന്നാലെ ക്വട്ടേഷൻ ആക്രമണം
അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉയർത്തുക. ആ ആരോപണങ്ങൾ ആവർത്തിച്ച് പുകമറ തീർത്ത ശേഷം തെരുവുകൾ യുദ്ധക്കളമാക്കും. സൈബറിടത്തിലെ കേട്ടാലറക്കുന്ന ഭാഷയിലുള്ള പ്രചാരണത്തിലും നേതാക്കൾ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കാണുന്നതോടെ ആക്രമണം കായികമാകും. വികസനത്തെ ക്വട്ടേഷൻ രാഷ്‌ട്രീയം കൊണ്ട് നേരിടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വളർത്തിയ ക്രിമിനൽകൂട്ടം എന്തും ചെയ്യുന്ന സംഘമായി വളർന്നു.
നെറികേടില്ലായ്‌മ കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും നേതൃപദവിയിൽ എത്തുന്നതിനുള്ള മാനദണ്ഡമായി മാറി. പ്രതിപക്ഷ നേതാവിന്റെ ആശീർവാദത്തോടെ നടക്കുന്ന അതിക്രമങ്ങൾക്ക് കെപിസിസി നേതൃത്വവും പിന്തുണ നൽകുന്നു.
വിമാനത്തിൽ പോലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്രമണമുണ്ടായി. 2022 ജൂൺ 13നായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ചത്. ഇ പി ജയരാജനും മറ്റ് യാത്രക്കാരും സമയോചിതമായി ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെയാണ് ആക്രമണമെന്ന് വ്യക്തമായിട്ടും ന്യായീകരിക്കുകയായിരുന്നു നേതൃത്വമൊന്നാകെ.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ് അപായമുണ്ടാക്കാനും കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചു. എറണാകുളം കുറുപ്പുംപടി ഓടയ്‌ക്കാലിയിൽ വച്ചായിരുന്നു ആക്രമണം. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ് അടക്കമുള്ളവർക്കെതിരെ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിരുന്നു.
കണ്ണട വിവാദത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധം ആക്രമണത്തിലാണ് കലാശിച്ചത്. പൊലീസിന്റെ യൂണിഫോം വലിച്ചു കീറുകയും വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ആഗസ്‌തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ആസൂത്രിതമായിരുന്നു. സംഘർഷവും കലാപവും ലക്ഷ്യമിട്ട് തീപ്പന്തങ്ങളുമായി എത്തിയ അമ്പതോളം പ്രവർത്തകർ പൊലീസുകാരെ പ്രകോപനമില്ലാതെ ആക്രമിച്ചു. ബാരിക്കേഡ് വച്ച് തടയാൻ ശ്രമിച്ച പൊലീസിന് നേരെ തീപ്പന്തങ്ങളും കല്ലുകളും വലിച്ചെറിഞ്ഞു. പൊലീസിന്റെ സമയോജിത ഇടപെടലിലാണ് സംഭവം വലിയ ദുരന്തത്തിലേക്ക് നീങ്ങാതിരുന്നത്.
എസ്‌എഫ്‌ഐ നേതാവ് ധീരജിനെ ഇടുക്കിയിൽ കെഎസ്‌യു– യൂത്തുകോൺഗ്രസ് സംഘം കുത്തിക്കൊന്നപ്പോൾ ‘എന്റെ കുട്ടികൾ’ എന്നു പറഞ്ഞാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ചത്.
വനിതകൾക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിന്റെ പതിവ്
രാഷ്‌ട്രീയ നിലപാടില്ലാത്ത കോൺഗ്രസ്, ജീർണത മറയ്‌ക്കുന്നത് സൈബറിടത്തിൽ തെറിയഭിക്ഷേകം നടത്തി. സിപിഐ എം വനിതാ നേതാക്കൾക്കെതിരായ സംഘടിത ആക്രമണത്തിന് യുഡിഎഫ് ജനപ്രതിനിധികൾ നേതൃത്വം കൊടുക്കുകയും കെപിസിസി നേതൃത്വമടക്കം പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണുള്ളത്. ഒടുവിലത്തേതാണ് മന്ത്രി വീണാ ജോർജിനെതിരെ നടക്കുന്നത്.
പൊതു ഇടത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് കൈയേറ്റത്തിന് ഇരയായി പരിക്കേറ്റിട്ടും അപലപിക്കാൻ പോലും നേതൃത്വം തയാറായില്ല. പകരം എഐ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ നീചമായ ആക്രമണം നടത്തുന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായതോടെയാണ് ആക്രമണത്തിന് മൂർച്ച കൂട്ടിയത്. വീണാ ജോർജിന്റെ സഹപ്രവർത്തകരായിരുന്ന ചില മാധ്യമ പ്രവർത്തകർ തന്നെ വ്യാജ വാർത്തകൾ നിർമിച്ച് അതിന് അവസരമൊരുക്കി. അതിന്റെ മൂർധന്യാവസ്ഥയിലാണ് നേരിട്ടുള്ള ആക്രമണമുണ്ടായത്.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന കെ കെ ശൈലജയും നേരിട്ടത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണ്. കോവിഡും നിപയും കേരളം പ്രതിരോധിച്ചപ്പോൾ നേതൃത്വമായ കെ കെ ശൈലജയുടെ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയ്‌ക്കും ലഭിച്ച അംഗീകാരമാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. വ്യക്തിപരമായി ആക്രമിക്കാൻ നേതൃത്വം നൽകിയത് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായതോടെ എല്ലാ സീമകളും ലംഘിച്ചു. അശ്ലീല പരാമർശങ്ങളോടെ മതവിദ്വേഷം വളർത്തുന്ന തരത്തിലായിരുന്നു അധിക്ഷേപം. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വന്നു. മുൻ മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും കടുത്ത സെെബർ ആക്രമണം നേരിട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ഗുരുതര ലൈംഗിക പരാതികളിൽ നിന്ന് ശ്രദ്ധ മാറ്റാൻ സിപിഐ എം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിക്കുന്ന സ്ഥിതിയുമുണ്ടായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്ന ആര്യ രാജേന്ദ്രനും വലിയ സൈബർ ആക്രമണം നേരിട്ടു. യുവനേതാവ് ചിന്ത ജെറോമിനെ അശ്ലീല പദപ്രയോഗങ്ങളും കമന്റുകളുമായി വർഷങ്ങളായി വേട്ടയാടുന്നു. വിദ്യാഭ്യാസ യോഗ്യതയെപ്പോലും തെറ്റായി ചിത്രീകരിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിൽ അഴിമതി നടത്തിയെന്ന വ്യാജ വാർത്ത സൃഷ്ടിച്ച് ജെ മെഴ്സിക്കുട്ടിഅമ്മയെ അവഹേളിച്ചു. സിപിഐ എം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടോ വരെ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.











0 comments