സമുദായനേതാക്കൾ വർഗീയത പറയരുത്: കാന്തപുരം
print edition കേരളയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ കണ്ണൂരിലെ സ്വീകരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുന്നു
കണ്ണൂര്‍
കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സ്വീകരണം നല്‍കി. പ്രഭാത് ജങ്‌ഷനിൽനിന്ന് സ്വീകരിച്ച് ആനയിച്ചു. ചിത്താരി കെ പി ഹംസമുസ്ലിയാർ നഗറിൽ നടന്ന സ്വീകരണത്തിന് ആയിരങ്ങളെത്തി. സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റും യാത്രാനായകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം അധ്യക്ഷനായി.
മുഹമ്മദലി സഖാഫി വള്ളിയാട്, എം മുഹമ്മദ് സ്വാദിഖ് എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. യാത്രയുടെ ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി , സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കെ സുധാകരൻ എംപി, കെ വി സുമേഷ് എംഎൽഎ, കാസിം ഇരിക്കൂർ എന്നിവര്‍ സംസാരിച്ചു. 16ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിലാണ് കേരളയാത്രയുടെ സമാപനം.
സമുദായനേതാക്കൾ വർഗീയത പറയരുത്: കാന്തപുരം
സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു യാത്രാനായകനായ കാന്തപുരം.
വർഗീയത നാടിന്റെ സാമൂഹ്യാന്തരീക്ഷത്തെ അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം.
മനുഷ്യനാവുക എന്നതിന് വലിയ അർഥങ്ങളുണ്ട്. ചേർന്നുനിൽക്കാനും ചേർത്തുനിർത്താനും നമുക്കാകണം. സമൂഹത്തിൽ സ്ഥാനമുള്ളവർ വാക്കിലും പ്രയോഗത്തിലും കരുതലുള്ളവരാകണം. നമ്മുടെ ഒരു പ്രയോഗംകൊണ്ട് സമൂഹത്തിൽ ഭിന്നിപ്പുണ്ടാകാൻ ഇടയാകരുതെന്നും കാന്തപുരം പറഞ്ഞു.









0 comments