print edition ലൈംഗിക കുറ്റാരോപിതനെ എംഎംടിടിസി ഡയറക്ടറാക്കി

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷനിൽ എത്തിയ കായികവിഭാഗം മേധാവി ഡോ. എ പ്രവീണിനെതിരെ മുന്പ് ഉയർന്നത് ഗുരുതര ലൈംഗിക കുറ്റകൃത്യം. ഇയാളെ സർവകലാശാലയുടെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്റർ (എംഎംടിടിസി) ഡയറക്ടറായി വിസി നിയമിച്ചതിൽ അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്നാണ് പ്രവീൺ കണ്ണൂരിലെത്തിയത്. സിൻഡിക്കറ്റിനെ അറിയിക്കാതെ വിസി പ്രത്യേക താൽപ്പര്യമെടുത്ത് കൊണ്ടുവന്ന പ്രവീണിനുള്ള സംഘപരിവാർ ബന്ധമാണ് സ്ഥാനലബ്‌ധിക്ക് പിന്നിൽ. പോണ്ടിച്ചേരിയിലുള്ള സമയത്ത്, പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെ 2015 ആഗസ്‌തിൽ പുതുച്ചേരി കലാപേട്ട് പൊലീസ് കേസെടുത്തിരുന്നു. സ്‌ത്രീകൾക്കെതിരായ അശ്ലീല അധിക്ഷേപം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഇത് ഇംഗ്ലീഷ് ദിനപത്രങ്ങളിൽ വാർത്തയായിരുന്നു. കഴിഞ്ഞവർഷം പോണ്ടിച്ചേരി സർവകലാശാലയിൽ നേരിടേണ്ടിയിരുന്ന അച്ചടക്ക നടപടിയിൽനിന്ന് രക്ഷപ്പെടാനാണ് ഇയാൾ കണ്ണൂരിലേക്ക് ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. യുജിസി ചട്ടപ്രകാരം മികച്ച അക്കാദമിക് പശ്ചാത്തലമുള്ള സീനിയർ പ്രൊഫസർമാരെയാണ് എംഎംടിടിസി ഡയറക്ടറാക്കേണ്ടത്. എന്നാൽ, അക്കാദമിക് കമ്മിറ്റിയിലോ സിൻഡിക്കറ്റിലോ ആലോചിക്കാതെയാണ് വിസി, പ്രവീണിനെ ഡയറക്ടറാക്കിയത്. രജിസ്‌ട്രാറുടെ ഓഫീസിനെ മറികടന്ന് നേരിട്ട് അവധി അപേക്ഷയും ഒൗദ്യോഗിക വിവരങ്ങളും സമർപ്പിക്കാൻ പ്രത്യേക അനുമതിയും വിസി ഇയാൾക്ക് നൽകിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ ചെലവഴിച്ച്, കണ്ണൂരിൽ വിസിമാരുടെ സമ്മേളനം നടത്തിയതിന് പിന്നിലും പ്രവീണിന്റെ ബുദ്ധിയാണ്. സിൻഡിക്കറ്റിനെയും രജിസ്‌ട്രാറെയും മറികടന്ന് പ്രവീണായിരുന്നു ഇൗ പരിപാടിയുടെ കോ–ഓഡിനേറ്റർ. ഗവർണർ ലോക്‌ഭവനിൽ നടത്തിയ ഉദ്യോഗസ്ഥ യോഗത്തിൽ കണ്ണൂർ സർവകലാശാല വിസിക്കൊപ്പം പങ്കെടുത്തതും ഇയാളാണ്.











0 comments