രാമന്തളിയിലെ കൂട്ടമരണം
മക്കൾ പോയാൽ മരണമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കലാധരൻ; വിഷം കലക്കിയ പാൽ നൽകിയ ശേഷം ആത്മഹത്യ

രാമന്തളി : ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്. രാമന്തളി വടക്കുമ്പാട് റോഡിനു സമീപം കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളിയായ കലാധരന്‍ (36), മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് തിങ്കൾ രാത്രി എട്ടോടെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുപേരുടെയും മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്‌ച രാമന്തളി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. വിതുമ്പലോടെയെത്തിയ വൻ ജനാവലി നാലുപേർക്കും അന്ത്യാഞ്ജലി അർപ്പിച്ചു.
മകനെയും ഭാര്യയെയും ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഉഷയുടെ ഭര്‍ത്താവായ പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എ കെ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ ഒന്നടങ്കം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു മുന്നിൽ എഴുതിവെച്ചിരുന്ന കത്ത് കൈയിലെടുത്ത ഉണ്ണികൃഷ്ണൻ ഉടൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മുകളിലത്തെ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും സമീപത്തായി കലാധരന്റെ രണ്ടുമക്കള്‍ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ രാത്രിതന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചു. മക്കൾക്ക് വിഷം കലക്കിയ പാൽ നൽകിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. നാലു പേരുടെയും ഉള്ളിൽ വിഷാംശമുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ രാമന്തളി സെൻട്രലിലെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. കൊച്ചുകുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് സങ്കടം സഹിക്കാനാവാതെ പലരും പൊട്ടിക്കരഞ്ഞു.
കലാധരനും ഭാര്യയും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഇവർ തമ്മിൽ കുടുംബ കോടതിയില്‍ നടക്കുന്ന കേസില്‍ കലാധരന്റെ കൂടെ താമസിക്കുന്ന മക്കളെ അമ്മയോടൊപ്പം വിടണമെന്ന് കഴിഞ്ഞ ദിവസം കോടതിയുടെ വിധി ഉണ്ടായിരുന്നു. മക്കളെ വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ മരണമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കലാധരൻ പലരോടും സൂചിപ്പിച്ചിരുന്നു. കലാധരൻ മക്കളെ തട്ടിക്കൊണ്ടു പോയതായും വിട്ടു തരുന്നില്ലെന്നും ഭാര്യ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥർ രാമന്തളിയിലെ വീട്ടിൽ എത്തിയതായും എന്നാൽ വീട്ടിൽ ആരുമില്ലാത്തതിനാൽ തിരിച്ചു പോയതായും പറയപ്പെടുന്നു. ഇതിന് ശേഷം മക്കളെ വിട്ടു നൽകേണ്ടി വരുമെന്ന ഭീതിയാകാം കടുംകൈ ചെയ്യാൻ കലാധരനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റേയും മക്കളുടേയും മരണത്തിന് പൂര്‍ണ ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെവെച്ച് ദ്രോഹിക്കുകയാണ്. താങ്ങാവുന്നതിലും അധികം ആയതിനാലാണ് ഇത് ചെയ്യുന്നത്. തെളിവുകള്‍ തന്റെ ഫോണിലുണ്ടന്നും അധികാരികള്‍ പരിശോധിക്കണമെന്നും മൊബൈല്‍ തുറക്കുന്നതിനുള്ള പാറ്റേണടക്കം വരച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്റെ മകള്‍ ഒരുകാരണവശാലും അമ്മയുടെ കൂടെ പോകാന്‍ തയ്യാറല്ലെന്നും തന്റെ ചിതാഭസ്മം മക്കളുടെ കൂടെ കുഴിച്ചിടണമെന്നും ഇത് മാത്രം നീ സമ്മതിക്കണമെന്നും കുറിപ്പിലുണ്ട്.
സർവം നഷ്ടപ്പെട്ട് ഉണ്ണികൃഷ്ണൻ
ജീവനു തുല്യം സ്നേഹിച്ചിരുന്ന പേരക്കിടാങ്ങളും ഭാര്യയും മകനും നഷ്ടപ്പെട്ട എ കെ ഉണ്ണികൃഷ്ണനോട് എന്തു പറയണം എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും പകച്ച് നിൽക്കുകയാണ്. ഉണ്ണികൃഷ്ണന്‍ ഹിമയെന്ന മൂത്തകുട്ടിയെ ദ്രോഹിക്കുന്നതായി കാണിച്ച് കലാധരന്റെ ഭാര്യ പയ്യന്നൂര്‍ പൊലീസില്‍ കേസു കൊടുത്തിരുന്നു. ഈ കാരണത്താൽ ഉണ്ണികൃഷ്ണന്‍ കാങ്കോലിലായിരുന്നു താമസം. എന്നാല്‍ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാലും താൻ മൂലം ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാനാണ് മാറി താമസിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
കണ്ണീരോർമ്മയായി ഹിമയും കണ്ണനും
ചെറുപുഞ്ചിരിയുമായി വീട്ടുമുറ്റത്ത് ഓടിനടന്നിരുന്ന ഹിമയും കണ്ണനും ഇനിയില്ല. മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളാണ് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത്. രണ്ട് പേർക്കും വിഷം കലർന്ന പാൽ നൽകിയശേഷം കലാധരനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹമാണ് ആദ്യം വിട്ടുകിട്ടിയത്. പൊതുദർശനത്തിന് നിരവധിയാളുകളാണ് കുട്ടികളെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്.










0 comments