print edition കോർപറേഷൻ തട്ടിപ്പ്: സീൽ വന്ന വഴി ഡിസിസിക്ക് കുരിശാകും

കണ്ണൂര്‍: കോർപറേഷനിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെന്ന കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ പൊലീസ് അന്വേഷണത്തിലേക്ക്. കോണ്‍ഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറി ടി പി മുരളിക്കെതിരെയാണ് ആരോപണം ഉയർന്നതെങ്കിലും വ്യാജനിയമന കത്തിലുള്ള സീലും ഒപ്പും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കുരിശാകും. സീൽ വ്യാജമായി ഉണ്ടാക്കിയതല്ലെന്നും ഡിസിസി ഓഫീസിലെ റിസപ്ഷന് മുന്നിലുണ്ടായ സീലാണ് ഉപയോഗിച്ചതെന്നുമാണ് ടി പി മുരളി പറയുന്നത്.
വ്യാജസീലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ വ്യാജ ഒപ്പ് അന്വേഷിക്കണമെന്ന് കാട്ടി, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പിഎ ചന്ദ്രൻ തില്ലങ്കേരി സിറ്റി പൊലീസ് കമീഷണർക്കും പരാതി അയച്ചിട്ടുണ്ട്. എന്നാൽ, ഒപ്പും സീലും വ്യാജമല്ലെന്ന മണ്ഡലം സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ പൊലീസ് കൂടുതൽ അന്വേഷിക്കേണ്ടി വരും. സീൽ കിട്ടിയ വഴി അന്വേഷിച്ചാൽ ഡിസിസി ഓഫീസിലെ പലതും പുറത്തുവരുമെന്നാണ് എതിർവിഭാഗം പറയുന്നത്.
കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് ജോലി വാഗ്ദാനം ചെയ്‌താണ് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ വാങ്ങി വ്യാജ നിയമന കത്ത് തയ്യാറാക്കി നൽകിയത്. കോർപറേഷനിൽ സ്വീപ്പർ, സെക്യൂരിറ്റി, ഡ്രൈവർ തുടങ്ങിയ 25 ലധികം ലാസ്റ്റ് ഗ്രേഡ് ഒഴിവുണ്ടെന്നാണ് അറിയുന്നത്. ഇതിലെല്ലാം പണം വാങ്ങി ആറുമാസം മുന്പേ നിയമനത്തിന് തയ്യാറായിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ഇടപെടൽ പുറത്തായത്. താൻ ആറുലക്ഷം വാങ്ങിയെന്നും അടുത്ത ഞായറാഴ്‌ച തിരിച്ചുകൊടുക്കും എന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ, സംഗതി പൊലീസ് കേസിലെത്തിയതോടെ പണം തിരിച്ചുനൽകാൻ പറ്റാത്ത അവസ്ഥയാണ്.
അത്താഴക്കുന്ന്, തളിപ്പറന്പ് സ്വദേശികളാണ് തട്ടിപ്പിനിരയായത്. അഞ്ചുപേരിൽനിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പറയുന്നത്. ഉടൻ നിയമനം ലഭിക്കുമെന്ന് പറഞ്ഞ്, പണം നൽകിയ ഒരാൾക്ക് യൂണിഫോം വരെ അയച്ചുകൊടുത്തതായും പരാതിക്കാർ പറയുന്നു. ഒന്നരലക്ഷവും അതിലധികവും തുക നൽകിയവരുണ്ട്. വായ്‌പയെടുത്തും സ്വർണം പണയപ്പെടുത്തിയുമായാണ് പലരും പണം കൈമാറിയത്.










0 comments