പ്രതിഷേധത്തെത്തുടർന്ന് തട്ടുകട പുനഃസ്ഥാപിക്കാമെന്ന് നഗരസഭയുടെ ഉറപ്പ്
‘ചൂരൽമലക്കാരുടെ തട്ടുകട’ തകർത്ത് നഗരസഭ ; ഉപജീവനം നഷ്ടമായി കുടുംബം

തട്ടുകട പൊളിച്ച സ്ഥലത്തെത്തിയ പൊലീസുകാരോട് കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന ആസ്യയും ഭർത്താവ് മുജീബും
കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിത കുടുംബം ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട തകർത്ത് കൽപ്പറ്റ നഗരസഭ. ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ കൽപ്പറ്റ മുണ്ടേരിയിലെ ഗവ. ക്വാർട്ടേഴ്‌സിലേക്ക് മാറ്റിത്താമസിപ്പിച്ച കുരിക്കൾ മുജീബ് – ആസ്യ ദമ്പതികളുടെ കടയാണ് ബുധൻ രാവിലെ യുഡിഎഫ് ഭരിക്കുന്ന നഗരസഭാധികൃതർ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്.
ദേശീയപാതയിൽ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിന്റെ സമീപത്ത് ഒഴിവുള്ള ഭാഗത്തായിരുന്നു "ചൂരൽമലക്കാരുടെ തട്ടുകട’ എന്ന പേരിൽ ഇവരുടെ കച്ചവടം. സന്നദ്ധസംഘടന നൽകിയ ഉന്തുവണ്ടി നവീകരിച്ചായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയത്. കച്ചവടത്തിന് വാങ്ങി സൂക്ഷിച്ച സാധനങ്ങളെല്ലാം ഉപയോഗശൂന്യമാക്കിയതായി മുജീബ് പറഞ്ഞു. സമോവർ, അടുപ്പ്, ഗ്യാസ് കുറ്റികൾ, കസേര, മേശ, കടയുടെ മുകളിൽ വിരിച്ച ഷീറ്റ് എന്നിവയെല്ലാം ട്രാക്ടറിൽ നഗരസഭയിലെത്തിച്ചു. ബുധൻ പുലർച്ചെ ഒന്നരയ്‌ക്കാണ് ഇവർ കടപൂട്ടി പോയത്. പിന്നീട് പ്രഭാതസവാരിക്ക് എത്തിയവരാണ് കട പൊളിക്കുന്ന വിവരം അറിയിച്ചത്. ഇവരെത്തുമ്പോഴേക്കും എല്ലാം തകർത്തിരുന്നു. ചൂരൽമലയിലെ തേയിലത്തോട്ടത്തിൽ താൽക്കാലിക തൊഴിലാളികളായിരുന്നു ആസ്യയും മുജീബും. മകൻ ഹാഷിദും കച്ചവടത്തിന് സഹായിക്കാനുണ്ടായിരുന്നു. ഹാഷിദിന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. ഇവരുടെ രണ്ട് കുട്ടികളും രാത്രി കച്ചവടസ്ഥലത്ത് എത്താറുണ്ടായിരുന്നു.
‘എന്തിനാണ് തട്ടുകട പൊളിച്ചതെന്നറിയില്ല. ഫോൺ നമ്പർ കടയുടെ മുകളിലുണ്ടായിരുന്നു. വിളിച്ച് പറഞ്ഞിരുന്നെങ്കിൽ സാധനങ്ങളെങ്കിലും എടുത്തുമാറ്റുമായിരുന്നു. എല്ലാം നശിപ്പിച്ചു’–കണ്ണീരൊഴുക്കി ആസ്യ പറഞ്ഞു.
സംഭവത്തിൽ ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി നഗരസഭയിലെത്തി. സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ തട്ടുകട പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം പിൻവലിച്ചത്. ചെയർമാൻ ടി ജെ ഐസക് ഉൾപ്പെടെയുള്ളവർ പ്രതിഷേധം ഭയന്ന് നഗരസഭയിലേക്ക് എത്തിയില്ല.










0 comments