വിദ്യാർഥികൾ നാടിന്റെ ഭാവിവാഗ്ദാനങ്ങൾ: അവരെ കേൾക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം: ആസിഫ് അലി

കൊച്ചി: രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ആസിഫ് അലി. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. ഡൽഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാർഥികൾ നാടിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും നടൻ കുറിച്ചു. വിദ്യാർഥികൾക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായാണ് സിനിമാ-സാംസ്കാരിക രംഗത്തുള്ളവരും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും നടനുമായ ഹാഷിർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ച് സ്റ്റോറി പങ്കുവെച്ചു.
സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം റീലായി ഷെയർ ചെയ്തത്. ഇതിനുപുറമെ, നടൻ നീരജ് മാധവും യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. താൻ എല്ലാക്കാലത്തും യുവാക്കൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തോട് നീരജ് മാധവ് പ്രതികരിച്ചത്. മുൻപ് ഇടത് എംപിമാരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഗായിക ചിന്മയി ശ്രീപാദയും അഭിനേതാക്കളായ റഹ്മാനും അഭിരാമിയും രൂക്ഷമായി വിമർശിച്ചിരുന്നു. വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്നും അവർ രാജ്യത്തിന്റെ ശത്രുക്കളല്ല, ഭാവിയാണെന്നും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സിനിമാ–സാംസ്കാരിക രംഗത്തുനിന്ന് കൂടുതൽ പേർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുകയാണ്.









0 comments