'ജന്തർ മന്തർ' ഒരു ഓർമപ്പെടുത്തലാണ്... ഹൃദയസ്പർശിയായ കുറിപ്പുമായി ദുൽഖർ സൽമാൻ

കൊച്ചി: ഡൽഹി ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. ജന്തർ മന്തറിൽ സംഭവിക്കുന്നത് ഒരു ഓർമപ്പെടുത്തലാണെന്നായിരുന്നു ദുൽഖർ സൽമാൻ കുറിച്ചത്. എല്ലാം നിർത്തിവെച്ച്, അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് മനസ്സിലാക്കാനുള്ള ഓർമപ്പെടുത്തൽ. വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയും അവസരങ്ങളും മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്ന ഉറപ്പുമാണ് നൽകേണ്ടത്. എന്നാൽ നമ്മുടെ യുവാക്കൾ ഇന്ന് കടുത്ത അനിശ്ചിതത്വം നേരിടുന്നു. അത് കാണുമ്പോൾ ഹൃദയം തകരുന്നുവെന്നും നടൻ കുറിപ്പിൽ പറയുന്നു.
വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പൊലീസ് അതിക്രമങ്ങളെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചായിരുന്നു ദുൽഖറിന്റെ പ്രതികരണം. വിദ്യാർഥി സമൂഹത്തിന്റെ കണ്ണീരിനും അവരുടെ മാതാപിതാക്കളുടെ നിസഹായാവസ്ഥയ്ക്കും നേരെ അധികാരികൾ കണ്ണടയ്ക്കരുതെന്ന് താരം ഓർമ്മിപ്പിക്കുന്നു.
വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ മറ്റ് വഴികളില്ല എന്ന് തോന്നുമ്പോൾ എല്ലാം അവസാനിപ്പിക്കാൻ പോലും നിർബന്ധിതരാകുന്ന കാഴ്ച വേദനാജനകമാണ്. ആ വേദനയും കടങ്ങളും പേറി, തങ്ങളുടെ മക്കളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന മാതാപിതാക്കളുടെ അവസ്ഥയും ഹൃദയഭേദകമാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം, അനുകമ്പയും ബഹുമാനവും അർഹിക്കുന്നവരാണ് ഈ വിദ്യാർഥികൾ. അവർക്കും സ്വപ്നങ്ങളും അഭിലാഷങ്ങളുമുണ്ട്.
അവരോട് കൂടിക്കാഴ്ചയിലൂടെയും ചർച്ചയിലൂടെയും സമാധാനപരമായ തീരുമാനങ്ങളിലെടുക്കുകയാണ് വേണ്ടത്. ജ്ഞാനവും സഹാനുഭൂതിയും നിറഞ്ഞ നടപടികളിലൂടെ പ്രശ്നം പരിഹരിക്കണം. വിഭജനത്തിലും അക്രമത്തിലും കെട്ടിപ്പടുക്കുന്ന ഭാവിയേക്കാൾ എപ്പോഴും ശക്തമായിരിക്കും പരസ്പര ധാരണയിൽ കെട്ടിപ്പടുക്കുന്ന ഭാവിയെന്നും ദുൽഖർ സൽമാൻ കുറിച്ചു.









0 comments