ad
Deshabhimani

ടൗൺഷിപ്പിലുയരും 
 ഇവരുടെ 
കളിചിരികൾ

kalpatta township

ഹസ്രത്ത്‌ അഞ്ജുവും സഹോദരി ആറാം ക്ലാസുകാരി ഹസ്രത്ത്‌ അമീനയും മാതൃകാ വീടിന് മുന്നിൽ

avatar
ആദർശ് ജോസഫ്

Published on Mar 28, 2025, 02:30 AM | 1 min read


കൽപ്പറ്റ : ടൗൺഷിപ്പ്‌ ഭൂമിയിലെ മണ്ണിൽ കുമ്മായത്തിൽ വരച്ച "മാതൃകാവീടി'നുമുന്നിൽ രണ്ടാംക്ലാസുകാരി ഹസ്രത്ത്‌ അഞ്ജു കൗതുകത്തോടെ നിന്നു. കുമ്മായവരയിൽ വേർതിരിച്ച "മുറി'കളുടെ മധ്യത്തിൽ മണ്ണിൽ ഇംഗ്ലീഷിൽ എഴുതിയ അക്ഷരങ്ങൾ ഉച്ചരിച്ചു. സഹോദരി ആറാം ക്ലാസുകാരി ഹസ്രത്ത്‌ അമീന അത്‌ കൂട്ടിവായിച്ചുകൊടുത്തു–- "സ്റ്റഡി റൂം'... ഇവിടെയാണ്‌ നമുക്ക്‌ വീടുനിർമിക്കുന്നതെന്ന്‌ ഉമ്മ ഹാജിറ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.


പിന്നെ സഹോദരിയുടെ കൈയും പിടിച്ച്‌ "സ്റ്റഡി റൂമി'ൽനിന്ന്‌ "സിറ്റ്‌ ഔട്ടി'ലേക്കും അവിടെ നിന്ന്‌ "ഡൈനിങ് റൂമി’ലേക്കും അവൾ ഓടിനടന്നു. അഖിലേഷും അയനയും ഒപ്പം ചേർന്നു.

ഉരുൾ വാടകവീടുകളിലേക്ക്‌ ജീവിതം ചിതറിത്തെറിപ്പിച്ചതിനുശേഷം മാസങ്ങൾകഴിഞ്ഞ്‌ കണ്ട സന്തോഷത്തിലായിരുന്നു കുട്ടികൾ. ചൂരൽമലയിൽ ഉരുളെടുത്ത ഇവരുടെ കളിചിരികൾ ഇനി എൽസ്റ്റൺ എസ്‌റ്റേറ്റിലെ ടൗൺഷിപ്പിലുയരും.


ഹസ്രത്ത്‌ അമീനയും ഹസ്രത്ത്‌ അഞ്ജുവും ഉമ്മ ഹാജറയ്‌ക്കും ഉപ്പ മുനീറിനും ഉമ്മുമ്മ കദിയുമ്മയ്‌ക്കും ഒപ്പം പുഞ്ചിരിമട്ടത്താണ്‌ താമസിച്ചിരുന്നത്‌. ദുരന്തത്തിൽ ഇവരുടെ ഇരുനില വീട്‌ പൂർണമായി തകർന്നു. തലേദിവസം ബന്ധുവീട്ടിലേക്ക്‌ മാറിയതിനാൽ ജീവൻ തിരിച്ചുകിട്ടി.


ഇരുനില വീടിന്റെ ബാൽക്കണിയായിരുന്നു സഹോദരിമാർക്ക്‌ പ്രിയപ്പെട്ട ഇടം. ഉരുളിൽ നഷ്‌ടമായ ആറ്‌ ഓമനപ്പൂച്ചകളോടൊപ്പം സദാസമയവും ഇവിടെയായിരുന്നു ഇരുവരും. വീട്‌ തകർന്നതിൽ സങ്കടമുണ്ടെങ്കിലും പുതിയ വീട്‌ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന്‌ കുരുന്നുകൾ പറഞ്ഞു. വെള്ളാർമല സ്‌കൂളിലായിരുന്ന ഇവർ ഇപ്പോൾ മേപ്പാടിയിൽ സർക്കാർ ഒരുക്കിയ സ്‌കൂളിലാണ്‌ പഠിക്കുന്നത്‌. കുന്നംപറ്റയിലെ വാടകവീട്ടിലാണ്‌ താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home