കൽപ്പാത്തി രഥോത്സവം: ഇന്ന് രഥസംഗമം

പാലക്കാട് : ജനസാഗരത്തെ സാക്ഷിയാക്കി കൽപാത്തിയിൽ ഇന്ന് രഥസംഗമം. ഉത്സവത്തിന്റെ മുഖ്യ ആകർഷണമാണ് രഥസംഗമം. ആവേശം വാനോളമുയർത്തി ഞായർ സന്ധ്യയ്‌ക്ക് കൽപ്പാത്തിയിൽ രണ്ടാംതേര് പ്രയാണം ചെയ്തു. മന്തക്കര ഗണപതി ക്ഷേത്രത്തിൽനിന്നാണ് രഥമുരുണ്ടത്. പകൽ 10.45നും11.15നും ഇടയ്ക്ക് രഥാരോഹണം നടന്നു. വൈകിട്ട് നാലുമുതൽ പ്രദക്ഷിണം തുടങ്ങിയ രഥം പുതിയ കൽപ്പാത്തിയിലെ അഗ്രഹാര വീഥിയിൽ താൽക്കാലികമായി തങ്ങി. ആദ്യ ദിവസം പ്രദക്ഷിണം ആരംഭിച്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ തേരുകളും അഗ്രഹാരം ചുറ്റി.
തിങ്കളാഴ്ച പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ 10.30നും 11നും ഇടയിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും 10.30നും ഇടയിലും രഥാരോഹണം നടക്കും. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ആറ് രഥങ്ങളാണ് ദേവരഥ സംഗമത്തിൽ കാഴ്‌ചയാകുക.
നാനാദിക്കുകളിൽനിന്നും ഉത്സവപ്രേമികൾ ഇതിനോടകം കൽപ്പാത്തിയിലെത്തി. നാടിന്റെ സാംസ്കാരിക പൈതൃകം ആസ്വദിക്കാൻ പതിവുപോലെ വിദേശികളുമുണ്ട്. തേരഴക് കാമറയിൽ പകർത്താൻ ആവേശംകൊള്ളുന്ന യുട്യൂബ് വ്ലോഗർമാരുമുണ്ട്. ഉത്സവത്തിന് മാറ്റുകൂട്ടുന്ന തെരുവോരക്കച്ചവടവും പൊടിപൊടിക്കുന്നു. അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുൾപ്പെടെ പൊലീസ് സന്നാഹം ശക്തമാണ്. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കുന്നുണ്ട്.









0 comments