കുടുംബ പ്രശ്നം പരിഹരിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ കയ്യാങ്കളി; പൊലീസുകാരനെയും കടിച്ചു

കൊല്ലം: കുടുബ പ്രശ്നം സംബന്ധിച്ച പരാതി പരിഹരിച്ച് പുറത്തിറങ്ങിയവർ പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് തമ്മിൽതല്ലി. തടയാനെത്തിയ പൊലീസുകാരനെയും കടിച്ചു പരിക്കേൽപ്പിച്ചു. കടവൂർ താവിട്ടുവീട്ടിൽ ദേവിക (19), മുരുന്തൽ സനിൽഭവനിൽ സനൽകുമാർ (19) എന്നിവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുകൂട്ടരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു വരുത്തി. പ്രശ്നം പരിഹരിച്ച ശേഷം സംഘത്തെ പറഞ്ഞു വിടുകയും ചെയ്തു.
സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ സനൽകുമാർ ദേവികയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതുകണ്ട ദേവികയുടെ അച്ഛൻ ഗോപകുമാർ (46) സനൽകുമാറിനെ മർദിച്ചു. കയ്യാങ്കളി കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സിവിൽ പോലീസ് ഓഫീസർ ബിജു റോബർട്ടിനെ (43) ദേവിക കടിക്കുകയുയായിരുന്നു. ഗോപകുമാർ പൊലീസുകാരന്റെ ഷർട്ടിൽ പിടിച്ചുവലിച്ചു. തുടർന്ന് ദേവിക റോഡിലിറങ്ങി ബഹളമുണ്ടാക്കി ഗതാഗത തടസം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ദേവികയുടെ പിതാവ് ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജു റോബർട്ടും സനൽകുമാറും അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സനൽകുമാറിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കടിച്ചുപരിക്കേൽപ്പിച്ചതിനും ഗോപികയുടെ പേരിൽ കേസെടുത്തു. ഗോപകുമാറിനെ റിമാൻഡ് ചെയ്തു








0 comments