Deshabhimani

യാത്രയിൽ ദുരിതം, ട്രാക്കിൽ നിരാശ; ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്‌സിൽ കേരളത്തിന് നിരാശ

junior meet kerala

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 16, 2026, 09:42 AM | 1 min read

ശിവപുരി (മധ്യപ്രദേശ്): ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. കഴിഞ്ഞതവണ ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയ കേരളത്തിന്റെ കൗമാര താരങ്ങൾ ഇത്തവണ നാലുദിവസം പിന്നിട്ടിട്ടും സ്വർണം നേടിയിട്ടില്ല. ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് സമ്പാദ്യം. നാലാംദിനം ഒരു മെഡൽപോലും നേടാനായില്ല. കായികമേള തിങ്കളാഴ്ച സമാപിക്കാനിരിക്കെ മൂന്ന് ഫൈനലുകളിലാണ് കേരളം മത്സരിക്കുന്നത്. ഇതോടെ മികച്ച പ്രകടനം ലക്ഷ്യമിട്ട് എത്തിയ താരങ്ങൾക്ക് മതിയായ യാത്രാസൗകര്യം ഉറപ്പാക്കാത്തതാണ് മത്സരഫലങ്ങളിൽ പ്രതിഫലിച്ചതായാണ് ചോദ്യമുയരുന്നത്.


കഴിഞ്ഞതവണ മികച്ച സൗകര്യങ്ങളും പിന്തുണയും ലഭിച്ച കേരളത്തിന്റെ താരങ്ങൾ ദേശീയ ജൂനിയർ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ട്രെയിൻ ടിക്കറ്റ് ഉറപ്പാകാത്ത സാഹചര്യത്തിൽ താരങ്ങളെ വിമാനത്തിൽ എത്തിക്കാനടക്കം നടപടിയെടുത്തിരുന്നു. എന്നാൽ ഇത്തവണ ദേശീയ കായികമേളയിൽ പങ്കെടുക്കാൻ പോയ താരങ്ങൾക്ക് ട്രെയിനിൽ സീറ്റുപോലും ഉറപ്പാക്കാനായില്ല.


ഇരിപ്പിടം ലഭിക്കാത്തതിനാൽ ട്രെയിനിൽ നിലത്തിരുന്നായിരുന്നു യാത്ര. ശുചിമുറിയുടെ അടുത്താണ്‌ പല താരങ്ങളും ഇരുന്നത്‌. എറണാകുളം–ഹസ്രത്‌ നിസാമുദീൻ മംഗള എക്‌സ്‌പ്രസിലായിരുന്നു ടീമിന്റെ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ കിരീടം ചൂടിയ താരങ്ങൾക്കാണ്‌ ദുരവസ്ഥയുണ്ടായത്. 28 അത്‌ലീറ്റുകളും 10 ഒഫീഷ്യൽസും അടങ്ങുന്നതായിരുന്നു സംഘം. പുറപ്പെടുമ്പോൾ എല്ലാ കുട്ടികൾക്കുമുള്ള സീറ്റ്‌ ഉണ്ടായിരുന്നെന്നും രണ്ടാം ദിവസം രാത്രി മുതലാണ്‌ പ്രശ്‌നം ഉണ്ടായതെന്നുമാണ്‌ അധികൃതരുടെ വാദം. മഹാരാഷ്‌ട്രയിലെ കല്യാണിൽ എത്തിയപ്പോൾ യാത്രക്കാർ ബോഗിയിലേക്ക്‌ ഇടിച്ചു കയറി. ഇവിടം മുതൽ 24 പേർക്കുള്ള സീറ്റ്‌ മാത്രമാണ്‌ ഉറപ്പുണ്ടായിരുന്നുവെന്നാണ്‌ ന്യായം.


ദീർഘദൂര യാത്രയിൽ നേരിട്ട ബുദ്ധിമുട്ടുകൾ താരങ്ങളുടെ ശാരീരികക്ഷമതയെയും മത്സരത്തിനുള്ള തയ്യാറെടുപ്പിനെയും ബാധിച്ചിരിക്കാമെന്നാണ് കരുതുന്നത്. ദേശീയതലത്തിൽ കേരളത്തിന്റെ അഭിമാനമുയർത്തേണ്ട കൗമാര കായികപ്രതിഭകൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പാക്കാത്തത് വലിയ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ദേശീയ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽനിന്ന് അധികൃതർക്ക് ഒഴിഞ്ഞുമാറിയതിനെതിരെ വിമർശനം ശക്തമാണ്. 2025–26ൽ ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്‌സിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റിലേ മത്സരങ്ങളിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയ കേരളമാണ് ഇത്തവണ സ്വർണത്തിനായി കാത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home