print edition "പാലംകടന്നത് വിറച്ച കാലുകളുമായി... '

ചൂരൽമലഭാഗത്തുനിന്ന് ബുധനാഴ്‌ച പാലം കടന്നെത്തിയ ആനന്ദ് മീനാക്ഷിയിൽ മണ്ണിടിഞ്ഞ ഭാഗം ചൂണ്ടിക്കാണിക്കുന്നു

അജ്‌നാസ് അഹമ്മദ്
Published on Jul 09, 2026, 12:00 AM | 1 min read
കള്ളാടി : ‘ഒറ്റപ്പെട്ട മീനാക്ഷി എസ്‌റ്റേറ്റ് പാടിയിൽനിന്ന് വിറച്ച കാലുകളുമായാണ് പാലംകടന്നത്. ഉള്ളിലിപ്പോഴും ആ ഓർമയാണ്. മലമുകളിൽനിന്ന് മണ്ണ് കുത്തിയൊലിച്ചുവന്ന ദൃശ്യം മനസ്സിൽനിന്ന് മായുന്നില്ല. പാലത്തിന്റെ നടുവിലായിരുന്നു ആ സമയം. ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു’– നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ രക്ഷപ്പെട്ട മീനാക്ഷിയിലെ ആർ ആനന്ദിന് ഇപ്പോഴും ഞെട്ടൽ മാറുന്നില്ല. മലമുകളിൽനിന്ന് മണ്ണിടിഞ്ഞുതുടങ്ങിയത് നേരിൽക്കണ്ട യുവാവ് ചൂരൽമല ഭാഗത്തേക്ക് ഓടിയതിനാലാണ് രക്ഷപ്പെട്ടത്.
പാലംകടന്ന് തിരിഞ്ഞുനോക്കിയപ്പോഴേക്കും റോഡിൽ മണ്ണുമൂടിയിരുന്നു. തുരങ്കപാത നിർമിക്കുന്ന കരാറുകാരുടെ താൽക്കാലിക ഓഫീസായി പ്രവർത്തിച്ച കണ്ടെയ്‌നറിൽനിന്ന് തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത് ആനന്ദും സുഹൃത്തുക്കളും ചേർന്നാണ്.
‘ഏതുനിമിഷവും മണ്ണ് ഇടിയുമെന്ന ഭീഷണിയുള്ളപ്പോഴും ചെളിയും കല്ലും മരവും മറികടന്ന് ഞങ്ങൾ കണ്ടെയ്‌നറിനടുത്തെത്തി ചില്ലുപൊട്ടിച്ച് തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ ചൂരൽമലയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയശേഷമാണ് പാലം മണ്ണുമൂടി ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്’– ആനന്ദ് പറഞ്ഞു.
മീനാക്ഷി എസ്‌റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അച്ഛനെയും അമ്മയെയും കൂട്ടി ആനന്ദ് ബുധനാഴ്‌ചയാണ് പാലം കടന്നത്. വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിച്ചു. തൊള്ളായിരംകണ്ടിയിലെ ഡ്രൈവറായ ആനന്ദ് ഓടിച്ചിരുന്ന ജീപ്പും അപകടത്തിൽപ്പെട്ടു. മീനാക്ഷിയിൽ നിർത്തിയിട്ട അമ്മയുടെ സഹോദരൻ കണ്ണന്റെ ബൊലേറോ വാഹനവും കണ്ടെത്താനായിട്ടില്ല.











0 comments