print edition കള്ളാടി മണ്ണിടിച്ചിൽ: തിരിഞ്ഞുനോക്കാതെ പ്രിയങ്ക


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:01 AM | 1 min read
കൽപ്പറ്റ: മേപ്പാടി കള്ളാടിയിൽ മണ്ണിടിഞ്ഞ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എട്ടുപേർ മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തമുണ്ടായി എട്ടുദിവസം പിന്നിട്ടിട്ടും മണ്ഡലത്തിൽ എത്തിയില്ല. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടുപേർക്ക് പരിക്കുമേറ്റു. ഗുരുതര പരിക്കേറ്റവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്പോൾ അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം കള്ളാടിയിലുണ്ടായിരുന്നു. ഇവരെ കാണാനോ, ആശ്വസിപ്പിക്കാനോ എഐസിസി ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക എത്തിയില്ല. സ്വന്തം മണ്ഡലത്തിലെ അപകടം രാജ്യത്തിന്റെയാകെ വേദനയായിട്ടും എംപി തിരിഞ്ഞുനോക്കിയില്ല. ദുരന്തത്തിനിരകളായവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസം നേരിട്ടു. ബിഹാർ സ്വദേശി ഇമ്രാൻ അൻസരിയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ ബംഗളൂരുവിൽ വിമാനത്തിന് കാത്തിരുന്നത് 38 മണിക്കൂറാണ്. മൃതദേഹം കണ്ടെടുത്ത് 51 മണിക്കൂറിനുശേഷമാണ് ബിഹാറിലെ വീട്ടിൽ എത്തിക്കാനായത്. ഇൗ വിഷയങ്ങളിലെല്ലാം ഇടപെടാനും നടപടികൾ വേഗത്തിലാക്കാനും ഉത്തരവാദിത്വം എംപിക്കുണ്ട്. മൃതദേഹങ്ങൾ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ വീടുകളിൽ എത്തിക്കാനുള്ള ചുമതല തുരങ്കപാത കരാർ കന്പനിയുടെ ചുമലിലിട്ട് സംസ്ഥാന സർക്കാരും തടിയൂരി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ വലിയ അപകടങ്ങളിലകപ്പെട്ട അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിലാണ് അവരുടെ വീടുകളിൽ എത്തിച്ചത്. ഇൗ മാതൃക പിന്തുടരാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഇൗ വിഷയത്തിലും എംപിയുടെ ഇടപെടൽ ഉണ്ടായില്ല. പ്രിയങ്ക കള്ളാടിയിൽ എത്താത്തതിനെ എഐസിസി മീഡിയ ചെയർമാൻ പവൻ ഖേര ന്യായീകരിച്ചും രംഗത്തെത്തി.










0 comments