സ്‌കൂൾ കായികമേളയെ കൈവിട്ട തന്ത വൈബ് കായികമന്ത്രിയും ജെൻ സി വസ്‌തുതതയും

തിരുവനന്തപുരം: 'സ്‌കൂൾ കായികമേള നടത്തുന്നത് വിദ്യാഭ്യാസ വകുപ്പാണ്. കായികവകുപ്പിന് അതുമായി ഒരു ബന്ധവുമില്ല'- തൃശൂരിൽ സ്‌കൂൾ ഗെയിംസ് മത്സരങ്ങൾ അടിമുടി അലങ്കോലമായപ്പോൾ അതേ നാട്ടുകാരനായ കായിക മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണമായിരുന്നു ഇത്. നാളെ കേരളത്തിന്റെ കായികഭാവി നിർണയിക്കേണ്ട ഏകദേശം 26000 കുട്ടികൾ മത്സരിക്കുന്ന കായികമേളയെ കുറിച്ചാണ് കായികവികസനത്തിനായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് അവരോധിച്ചിരിക്കുന്ന വ്യക്തിയുടെ നെറികെട്ട പ്രതികരണം. എന്നാൽ, ഇൗ മേളയുടെ പ്ലാനിങ്ങിലും നടത്തിപ്പിലും സുപ്രധാന സ്ഥാനമാണ് സർക്കാർ കായികവകുപ്പിന് നിശ്‌ചയിച്ചു നൽകിയിരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെയാണ് കായിക മന്ത്രിയുടെ പ്രതികരണം.
സ്‌കൂളുകൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലായതിനാൽ മേളയുടെ മുഖ്യ സംഘാടകർ വിദ്യാഭ്യാസവകുപ്പു തന്നെയാണ്. എന്നാൽ, വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് ഓരോ കായികമേളയും സംഘടിപ്പിക്കുന്നത്. സ്‌കൂൾ കായികമേളയ്‌ക്കായി സ്ംസ്ഥാന സർക്കാർ കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് കായിക വകുപ്പിന്റെ പ്ലാൻ ഹെഡിലാണ്. കായിക– യുവജനകാര്യ മേഖലയ്‌ക്കായി 2026–27 ലെ വാർഷിക പദ്ധതിയിൽ 220.86 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 12 കോടി രൂപ പൊതു വിദ്യാഭ്യാസ ഡയറക്‌ടറേറ്റിനുള്ള സഹായം എന്നു രേഖപ്പെടുത്തി മാറ്റിവെച്ചതാണ്. സ്‌കൂൾ ഒളിന്പിക്‌സ് ഉൾപ്പെടെയുള്ള ചാന്പ്യൻഷിപ്പുകളുടെ സംഘാടനം, ജില്ലാ–ഉപജില്ലാ തല സ്‌പോർട്‌സ് മീറ്റുകളുടെ നടത്തിപ്പ് ചെലവ്, സ്‌കൂൾ ഗെയിംസ് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് എന്നീ കാര്യങ്ങൾക്ക് ഇൗ തുക ചെലവഴിക്കണമെന്ന് വാർഷിക പദ്ധതിയിൽ നിഷ്‌കർഷിക്കുന്നുമുണ്ട്. യുഡിഎഫ് സർക്കാർ വന്ന ശേഷം പുതുക്കി പ്രഖ്യാപിച്ച ബജറ്റിൽ ഇൗ തുക 10 കോടിയായി കുറച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം പ്ലാൻ ഫണ്ടിൽ നിന്ന് 4 കോടി രൂപയും സ്‌കൂൾ കായികമേളയ്‌ക്കായി ഉപയോഗിക്കാറുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക്‌ഏകദേശം എട്ടു കോടി രൂപയാണ് ചെലവ് വരുന്നത്. സബ് ജില്ലാ, ജില്ലാ കായികമേളകൾക്കുമാണ് ബാക്കി തുക ചെലവഴിക്കുന്നത്.
കായികവകുപ്പിന്റെ സ്‌റ്റേഡിയങ്ങളും കായികകോപകരണങ്ങളും മറ്റു സംവിധാനങ്ങളുമാണ് സ്‌കൂൾ കായികമേളകൾക്ക് കാലാകാലങ്ങളായി ഉപയോഗിക്കുന്നത്. ഇത്തവണ തൃശൂരിൽ മത്സരം നടത്താനിരുന്ന അക്വാറ്റിക് കോംപ്ലക്‌സ് സ്‌പോർട്‌സ് കൗൺസിലിനു കീഴിലുള്ളതാണ്. സ്‌കൂൾ കായികമേളയുടെവിവിധ കായിക ഇനങ്ങൾക്കായി മാറ്റുകൾ, ഹർഡിൽസ്, ഫോട്ടോഫിനിഷ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം നൽകുന്നത് കായികവകുപ്പിൽ നിന്നാണ്. സ്‌പോട്‌സ് കൗൺസിലിനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത അംഗീകൃത കായികസംഘടനകളാണ് ഓരോ കായികയിനത്തിന്റെയും നടത്തിപ്പിന് ആവശ്യമായ സാങ്കേതികസഹായം നൽകുന്നത്. ഇത്തരത്തിൽ കായികവകുപ്പിന്റെ വലിയ രീതിയിലുള്ള പിന്തുണ സ്‌കൂൾ കായികമേളയ്‌ക്ക് നൽകി വരുന്നതാണ്.
ഗതാഗതം, ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണവും കായികമേളയ്‌ക്ക് ലഭ്യമാക്കാറുണ്ട്. കായികമേളയ്‌ക്ക് മുന്നോടിയായി ഇൗ വകുപ്പുകളുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുകയും ഇവരുൾപ്പെടുന്ന സംഘാടകസമിതി രൂപീകരിക്കുകയും ചെയ്യുന്നതാണ്. മേഖലയിലെ എം പി,എംഎൽഎ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരും ഇൗ ചർച്ചകളും സംഘാടകസമിതിയിലും പങ്കാളികളാകാറുണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിനെ മാത്രം പഴിചാരി ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. പ്രത്യേകിച്ചും കായികവകുപ്പിന്.









0 comments