Deshabhimani

ഭീകരരുടെ സാന്നിധ്യമെന്ന് സംശയം; ജമ്മുവിലെ വനമേഖലകളിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ​സേന

Indian Army
വെബ് ഡെസ്ക്

Published on Oct 04, 2026, 04:09 PM | 1 min read

ന്യൂഡൽ​ഹി : ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് ജമ്മു-കശ്മീരിലെ രാജൗരി, ഉധംപുർ ജില്ലകളിലെ വനമേഖലകളിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്നാണ് സൈന്യവും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്. രാജൗരിയിലെ സുന്ദർബനി മേഖലയിലെ അപ്പർ ലാർഡിയയിൽ ശനിയാഴ്ച രാത്രി മൂന്ന് പേർ ചേർന്ന് അനിൽ സുഡാൻ എന്ന ഗ്രാമവാസിയെ തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ ഞായറാഴ്ച പുലർച്ചെ 3.15ഓടെ മോചിപ്പിച്ചു. ദുവ ഖാദ് വനമേഖലയിലേക്ക് കടക്കാൻ വഴികാട്ടിയായി ഉപയോഗിച്ച ശേഷമാണ് ഇയാളെ വിട്ടയച്ചതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് പൊലീസും സൈന്യവും പ്രദേശത്ത് പരിശോധന ആരംഭിച്ചു.


രാജൗരിയിലെ മണ്ഡുഗല ധോക്ക് വനമേഖലയിലും സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചും ബാഗുകളും ആയുധങ്ങളും കൈവശം വച്ചും രണ്ട് പേരെ കണ്ടതായി പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. അതേസമയം, ഉധംപൂരിലെ ചിഗ്ലി കെയ ഗ്രാമത്തിലും തിരച്ചിൽ നടത്തുന്നുണ്ട്. സെപ്റ്റംബർ 17ന് ഉധംപൂരിലെ മജൽത മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരാൾ രക്ഷപ്പെട്ടതായും സേന വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home