print edition കാലടി സർവകലാശാല: വിദ്യാർഥിപ്രക്ഷോഭത്തെ തകർക്കാൻ ആർഎസ്‌എസ്–കോൺഗ്രസ് ഗൂഢാലോചന

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിവരുന്ന പ്രക്ഷോഭത്തെ തകർക്കാൻ കോൺഗ്രസ്–ആർഎസ്‌എസ് ഗൂഢാലോചന. സമരംചെയ്യുന്ന വിദ്യാർഥികൾ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന നുണപ്രചാരണമാണ് ഏറ്റവുമൊടുവിൽ അവിശുദ്ധസഖ്യം അഴിച്ചുവിട്ടത്. വിദ്യാർഥിസമരം 25 ദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് ശ്രമിക്കാത്ത വൈസ് ചാൻസലർ, സമരക്കാർ തന്നെ ആക്രമിച്ചെന്ന കെട്ടുകഥയും കഴിഞ്ഞദിവസം മാധ്യമങ്ങളോട് പങ്കിട്ടു. ആർഎസ്‌എസ് ആഭിമുഖ്യമുള്ള വിസിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം ജോണും സമരത്തിനെതിരെ ഒരേസ്വരത്തിലാണ് പ്രതികരിച്ചത്.
ഗസ്റ്റ് അധ്യാപക നിയമനം പൂർത്തിയാക്കുക, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വിസിയുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങി പതിനെട്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്‌ച സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ എത്തിയിട്ടും വിദ്യാർഥികളുടെ ആവശ്യങ്ങളോട് പ്രതികരിച്ചില്ല. അതേസമയം, സർവകലാശാലയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടാൻ കേടായ സ്‌പോട്ട് ലൈറ്റുകൾ പ്രദർശിപ്പിച്ച് വിദ്യാർഥികൾ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്‌തു. സർവകലാശാലയിലെ സംഘപരിവാർ അനുകൂല ജീവനക്കാരുടെ സംഘടനയുടെ ഒത്താശയിലാണ് നുണപ്രചാരണം രൂപപ്പെട്ടത്. സിൻഡിക്കറ്റ് യോഗത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ തനിക്കുനേരെ ആക്രമണമുണ്ടായതായി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ വിസി, വാഹനത്തിന് കേടുപാട് വരുത്തിയെന്ന പരാതിയാണ് പൊലീസിൽ നൽകിയത്. പ്രക്ഷോഭത്തിലൂടെ വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോടല്ല വിസിയും മന്ത്രി റോജി എം ജോണും പ്രതികരിച്ചത്. ഇൗ ആവശ്യങ്ങൾ മുന്പ് ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ഇരുവരും ഒരേസ്വരത്തിൽ ചോദിച്ചത്.
വിദ്യാർഥിനികൾ ഉൾപ്പെടെ അണിനിരന്ന് മുദ്രാവാക്യങ്ങളുയർത്തി സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ അക്രമാസക്തമെന്ന് മുദ്രകുത്താനാണ് ഇരുവരും ശ്രമിച്ചത്. അതിനുപിന്നാലെ 75 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.










0 comments