കഠിനംകുളം കൊലപാതകം: ആതിരയുടെ സ്കൂട്ടർ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ കാണാതായ സ്കൂട്ടർ കണ്ടെത്തി. ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. ഇന്നലെയാണ് വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.
സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. പെരുമാതുറയിൽ പ്രതി താമസിച്ചിരുന്ന വാടക വീട് ഇന്ന് തുറന്ന് പരിശോധിക്കുമെന്നാണ് വിവരം.










0 comments