കഠിനംകുളം കൊലപാതകം: പിടിയിലായ ജോൺസൺ ചികിത്സയിൽ തുടരുന്നു

തിരുവനന്തപുരം : കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നും രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ തുടരണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ജോൺസൺ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്നലെ കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറിച്ചിയിൽ ഹോംനേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ജോൺസൺ. കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാൾ വസ്ത്രങ്ങൾ എടുക്കാനായായി വ്യാഴം പകൽ മൂന്നിന് ഹോംനേഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം കുറിച്ചിയിലെ വീട്ടിലെത്തി. ഇവിടെ രാധാകൃഷ്‌ണൻ എന്നയാളെ പരിചരിക്കുകയായിരുന്ന ജോൺസൺ ഏഴിന് പോയതിന് ശേഷം ഫോൺ അറ്റൻഡ് ചെയ്‌തിരുന്നില്ല. ആതിരക്കൊലക്കേസ് വാർത്തകളിൽ പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്‌ണന്റെ മകൾ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
രമ്യയോട് ആയിരം രൂപ കടം ചോദിച്ച ജോൺസൺ, താൻ പോയിട്ട് നാളെത്തന്നെ മടങ്ങിവരാമെന്നും പറഞ്ഞു. തുടർന്ന് രമ്യ അയൽവാസിയായ സിപിഐ എം കുറിച്ചി ലോക്കൽ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ആർ ഷാജിയെ വിവരമറിയിച്ചു. ഷാജിയുടെ നിർദേശപ്രകാരം, പൊലീസ് വരുന്നതുവരെ പണം തരാമെന്നുപറഞ്ഞ് രമ്യ, ജോൺസണെ പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നാൽ പോകാനിറങ്ങിയ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് ചിങ്ങവനം പൊലീസെത്തിയാണ് കസ്‌റ്റഡിയിൽ എടുത്തത്. പെരുന്നയിലെ ഏജൻസി വഴിയാണ് ഇയാൾ കുറിച്ചിയിൽ ഹോം നഴ്‌സായി ഡിസംബർ എട്ടിന് ജോലിയിൽ പ്രവേശിച്ചത്. ഇയാൾ തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറിലാണ് ജോൺസൺ രക്ഷപ്പെട്ടത്.










0 comments