print edition കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; തെളിവായി ശബ്ദസന്ദേശവും

വടകര: സർക്കാരിന്റെ ഗാരന്റിയുണ്ടെന്ന് പറഞ്ഞ് കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. ഇതുസംബന്ധിച്ച് സൊസൈറ്റി പ്രസിഡന്റിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. പണം തിരികെ ആവശ്യപ്പെടുന്നവരോട് സർക്കാർ തിരിച്ചുനൽകുമെന്ന മറുപടിയാണ് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് നൽകുന്നത്.
ഒട്ടേറെപ്പേരിൽനിന്ന് പണം സമാഹരിച്ചതും സർക്കാർ സംരക്ഷണം ഉണ്ടെന്ന് വ്യക്തമാക്കിയാണെന്ന് നിക്ഷേപകർ പറയുന്നു. കോൺഗ്രസും മുസ്ലിംലീഗും ചേർന്ന് ഭരിക്കുന്ന സൊസൈറ്റിയിൽ പണം നൽകി നിരവധിപേരാണ് തട്ടിപ്പിൽ കുടുങ്ങിയത്.
പൊലീസിൽ പരാതി നൽകുന്നതിൽനിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കാനും നിരന്തരശ്രമമുണ്ടായി. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് സൊസൈറ്റിയിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സമ്പാദ്യം മുഴുവൻ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച് നഷ്‌ടപ്പെട്ട വേദനയിലാണ് പലരും. ‘പൊലീസിൽ പരാതി നൽകിയാൽ അവർ വിളിപ്പിക്കും, അപ്പോൾ ഞങ്ങളുടെ കാര്യം അവരോട് പറയും.
കേസിനുപോയാൽ പണം കിട്ടാൻ വീണ്ടും കാലതാമസം വരും. എഫ്ഐആർ ഇട്ട് കേസിനുപോയാൽ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് പണം കിട്ടിയാൽ കിട്ടി. അവസാനം ഇതെല്ലാം സർക്കാർ ഏറ്റെടുക്കും’ എന്ന് ബഷീർ അഹമ്മദ് പറയുന്നതായാണ് ശബ്ദസന്ദേശത്തിലുള്ളത്. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട അയനിക്കാട് സ്വദേശിനിയോടടക്കം ഇൗ വിധത്തിൽ പറഞ്ഞ് വഞ്ചിച്ചിട്ടുണ്ട്.










0 comments