കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസ്
print edition തെളിവ് നൽകാനില്ലാതെ ഉരുണ്ടുകളിച്ച് വി ഡി സതീശൻ


സ്വന്തം ലേഖകൻ
Published on Mar 29, 2026, 12:30 AM | 1 min read
തിരുവനന്തപുരം
: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ടക്കേസിൽ തെളിവ് നൽകാനില്ലാതെ ഉരുണ്ടുകളിച്ച് വി ഡി സതീശൻ. ശബരിമല ഉൾപ്പെടെയുള്ള ദേവസ്വം ക്ഷേത്രസ്വത്തുക്കളുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് വെള്ളിയാഴ്ച വി ഡി സതീശന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
എന്നാൽ, തിരുവിതാംകൂർ ഉൾപ്പെടെയുള്ള ദേവസ്വംബോർഡുകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാരിനോ ദേവസ്വംമന്ത്രിക്കോ ബോർഡിന്റെ തീരുമാനങ്ങളിൽ പങ്കൊന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു.
ഇത് ശരിവയ്ക്കുന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ ഉത്തരവുകളും ഹാജരാക്കി. ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലൊന്നിലും ദേവസ്വംമന്ത്രിമാരെക്കുറിച്ച് പരാമർശങ്ങളില്ലെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു.
ശബരിമല സ്വർണമോഷണ കേസുമായി ബന്ധപ്പെട്ട് കടകംപള്ളിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ മാനനഷ്ടക്കേസിലാണ് കടകംപള്ളിയുടെ വിശദീകരണം.
മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ തുടർവാദം തിങ്കളാഴ്ച നടക്കും. കോടതിവിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടി നീട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. സമയം നീട്ടി തരാനാകില്ലെന്ന് കർശന നിർദേശവും കോടതി നൽകിയിരുന്നു.
"സ്വര്‍ണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാം' എന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തത്.











0 comments