print edition നാടകത്തിന്റെ മറുപേര് ; ‘ഇൗ ഭൂമീന്റെ പേരാണ് നാടക’മെന്ന് പാടിയ കലാകാരൻ

പി വി ജീജോ
Published on Jan 25, 2026, 02:08 AM | 1 min read
കോഴിക്കോട്
കണ്ണാടിക്കൂട്ടിലെ തണുപ്പിലും മായാത്ത കുട്ടിത്തംവിടാത്ത ചിരിമുഖമായിരുന്നു കെ വി വിജേഷിന്. തന്റെ സവിശേഷമായ ജിംബയും ദർബുകയും കൊട്ടി അടുത്ത പാട്ടുപാടാൻ, നാടകം കളിക്കാനെന്നതുപോലെയായിരുന്നു ആ കിടപ്പ്. ‘കണ്ണിന്റെ കണ്ണീര്‌കണ്ട്’ എന്നെഴുതിയവനെ നോക്കി കണ്ണീരടക്കാതെ അവർ പാടി. ‘മരിക്കുംന്നുള്ളത് നേരാ, മരിക്കുംന്നുള്ളത് സത്യാ...’ നെഞ്ചേറ്റിയ പാട്ട് നെഞ്ചുപൊട്ടി പാടി നാടകക്കാരും സുഹൃത്തുക്കളും കണ്ണീർപ്പൂക്കളർപ്പിച്ചു.
നാടകം കളിച്ചും പറഞ്ഞും പരിശീലിപ്പിച്ചും അരങ്ങിൽ കുഴഞ്ഞുവീണവസാനിച്ച് നാടകം തന്റെ മറുപേരാണെന്ന് പറയാതെ പറഞ്ഞായിരുന്നു വിജേഷ് ജീവിതനാടകത്തിന് തിരശ്ശീലയിട്ടത്. ‘ഇൗ ഭൂമീന്റെ പേരാണ് നാടക’മെന്ന് പാടിയ കലാകാരൻ, തന്റെ നിരവധി നാടകാവിഷ്‌കാരങ്ങൾ അരങ്ങേറിയ ടൗൺഹാളിലെ അരങ്ങിൽ നിശ്ചലനായി കിടക്കുന്ന കാഴ്‌ച സങ്കടഭരിതമായിരുന്നു.
പറയഞ്ചേരി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് അരങ്ങേറ്റം. തുടർന്ന് ‘നാടകത്തിന്റെ പേരായി’ വിജേഷ് മാറുകയായിരുന്നു. തൃശൂർ അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കവെ നാടറിയുന്നവനാണ് നാടകക്കാരനെന്ന് തെളിയിച്ചു. നാടകത്തിനൊപ്പം സിനിമയിലും സംഗീതശിൽപ്പത്തിലും തിളങ്ങി.

കെ വി വിജേഷ് തേവര സേക്രഡ് ഹാർട്ട് കോളേജിലെ നാടക ക്യാന്പിൽ. ഇൗ ക്യാന്പിനിടെയാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് വിജേഷ് കുഴഞ്ഞുവീണത്
വേഷംകെട്ടി, വാക്കുപറഞ്ഞ്, പാട്ടുപാടി...
രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ, ഗായകൻ, ഗാനരചയിതാവ്... വ്യത്യസ്‌തമായ റോളുകൾ ഗംഭീരമായി അവതരിപ്പിച്ചു. രസിപ്പിച്ച് കളിപ്പിച്ച് നാടകം പഠിപ്പിച്ച് കുട്ടികളുടെ പ്രിയ നാടകക്കാരനായുള്ള നിരവധി അഭിനയ പരിശീലന ക്യാന്പുകളും.
അവസാനകാലത്ത് ജീവിതപങ്കാളി കബനിയുമൊത്ത് ‘തിയറ്റർ ബീറ്റ്‌സ്’ രൂപീകരിച്ചായിരുന്നു കുട്ടിക്യാന്പുകളിലെത്തിയത്. വിജേഷിന്റെ സംവിധാനത്തിൽ പല ക്യാന്പസുകളിലെ കലാകാരന്മാരും സമ്മാനാർഹരായി. ഒപ്പം അവരെല്ലാം നാടകത്തിന്റെ കൂട്ടുകാരുമാകുന്ന മാജിക്കായിരുന്നു വിജേഷിന്റേത്. ‘നിങ്ങള് നിങ്ങളെമാത്രം ഇഷ്ടപ്പെടല്ലപ്പാ’ എന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്നു. ചെറിയ ഭൂമിയില് ഇത്തിരിപ്പോന്ന മനുഷ്യന്മാർ വേഷംകെട്ടി നടിച്ചുകാട്ടുന്നതിനെ ചോദ്യംചെയ്‌തു. പട്ടിണിയുടെ തടവുകാരെ നിങ്ങളുണരുവിൻ എന്ന് സാർവദേശീയ ഗാനത്തിന് രംഗാവിഷ്‌കാരമേകിയതിൽ അഭിമാനംകൊണ്ടു. നേരിന്റെ കൂടെ നിൽക്കുമെന്ന് പാടുകമാത്രമല്ല സിപിഐ എം പാർടി കോൺഗ്രസ് മുതൽ ഒടുവിലത്തെ ജില്ലാ സമ്മേളനത്തിൽവരെ താളവും പാട്ടുമായി മറയില്ലാതെ അത് വിളംബരവും ചെയ്‌തു.










0 comments