print edition സണ്ണി ജോസഫിന്റേതായി പ്രചരിച്ച കത്ത്: കെ സുധാകരന്റെ മരുമകനെ ചോദ്യംചെയ്‌തു

കെ സുധാകരൻ, സണ്ണി ജോസഫ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് അയച്ചതായി പ്രചരിച്ച കത്ത് സംബന്ധിച്ച് കണ്ണൂർ സിറ്റി സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കെപിസിസി മുൻ പ്രസിഡന്റും എംപിയുമായ കെ സുധാകരന്റെ മരുമകൻ കെ അജിത്തിനെ ചോദ്യംചെയ്‌തു. പത്തിലേറെപ്പേരെ ഇതിനകം ചോദ്യംചെയ്‌തിട്ടുണ്ട്. കത്ത് വ്യാജമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് പരാതി നൽകിയിരുന്നു.
കെപിസിസിയുടെ ഒൗദ്യോഗിക ലെറ്റർപാഡിന് സമാനമായ കത്താണ് പ്രചരിച്ചത്. ആരാണ് കത്ത് തയ്യാറാക്കിയതെന്നതാണ് സൈബർ പൊലീസ് പരിശോധിക്കുന്നത്. സുധാകരന്റെ മരുമകനെ ചോദ്യം ചെയ്‌ത പൊലീസ് ഇയാളുടെ മൊബൈൽഫോണും പരിശോധിച്ചു.
സ്ഥാനാർഥി നിർണയത്തിന് തൊട്ടുമുന്പ് സുധാകരനുവേണ്ടി ഡിസിസി ഓഫീസിനുമുന്നിൽ പ്രകടനം നടത്തുന്നതിന് ആളുകളെ എത്തിച്ചത് അജിത്താണെന്ന് കോൺഗ്രസ് നേതാക്കൾതന്നെ പരസ്യമായി പറഞ്ഞിരുന്നു. കെ എസ് ബ്രിഗേഡിന്റെ മുഖ്യ സംഘാടകനാണ് അജിത്ത്.










0 comments