തോറ്റാൽ സതീശൻ വനവാസത്തിന് പോകണം; വാക്ക് പാലിക്കണ്ടേ എന്ന് സുധാകരൻ

കെ സുധാകരൻ, വി ഡി സതീശൻ
കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ എംപി. വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ സതീശൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ വനവാസത്തിന് പോകണം. അങ്ങനെ പോകാതിരിക്കാൻ പ്രാർത്ഥിക്കാമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വന്നില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസിലും യുഡിഎഫിലും വലിയ വിവാദമായി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോയപ്പോൾ പറഞ്ഞ നിലപാടിൽനിന്ന് സതീശൻ തന്നെ മലക്കംമറിഞ്ഞു. രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും , യുഡിഎഫ് തോറ്റാൽ അധികാരത്തിനുവേണ്ടി പിടിച്ചുനിൽക്കില്ലെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു സതീശൻ കഴിഞ്ഞ ദിവസം തിരുത്തിപ്പറഞ്ഞത്.
ഇതോടെയാണ് സുധാകരനോടും സതീശന്റെ പ്രഖ്യാപനത്തെക്കുറിച്ച് ചോദ്യം ഉയർന്നത്. "അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അധികാരത്തിൽ വന്നില്ലെങ്കിൽ അദ്ദേഹം വനവാസത്തിന് പോകണം. അത് സ്വാഭാവികമാണ്. വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകണം. അതിൽ ഞങ്ങൾക്ക് സങ്കടവും പ്രയാസവുമുണ്ട്. ഞാനൊക്കെ പ്രാർത്ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെ." എന്നാണ്- സുധാകരൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് സുധാകരൻ വീണ്ടും ആവർത്തിച്ചു. "ആരാണ് നേതാവെന്ന് ചോദിച്ചപ്പോൾ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നു."- സുധാകരൻ പറഞ്ഞു.










0 comments