ad
Deshabhimani

print edition എഴുത്തിന്റെ കരുത്തിൽ അതിജീവനം ; 
നോവൽപോലെ സൗജത്തിന്റെ ജീവിതം

k soujath
avatar
എം സനോജ്

Published on Feb 04, 2026, 04:18 AM | 1 min read


നിലമ്പൂർ

ഗദ്ദാമയുടെ ദുരിതനാളുകളിൽനിന്നാണ്‌‌ സൗജത്ത്‌ സാഹിത്യലോകത്തേക്ക് ചുവടുവച്ചത്‌. കഷ്ടതയുടെ കയ്‌പ്പേറിയ കാലത്തെ പകർത്തിയെഴുതിയപ്പോൾ ഈ വീട്ടമ്മ സ്വയമൊരു നോവലായി മാറി. മറ്റു പലരെയുംപോലെ ഉരുകിത്തീരേണ്ടിയിരുന്ന ജീവിതത്തെ അക്ഷരങ്ങളാൽ വീണ്ടെടുത്തു.- ഇന്ന്‌ എഴുത്തുകാരിയെന്ന മേൽവിലാസത്തോടെ തലയുയർത്തിനിൽക്കുകയാണ്‌. സ്പര്‍ശം, കാവല്‍ എന്നീ നോവലുകള്‍ക്കുശേഷം കെ സൗജത്തിന്റെ മൂന്നാമത്തെ പുസ്തകം ‘ആഴി’ നോവല്‍ രൂപത്തില്‍ വായനക്കാരിലെത്തുന്നു. ഏട്ടിന് പകല്‍ മൂന്നിന്‌ എഴുത്തുകാരി അജിത്രി പ്രകാശിപ്പിക്കും. ബോധി ബുക്സാണ് പ്രസാധകര്‍.


k soujath
പ്രകാശിപ്പിക്കാനിരിക്കുന്ന പുതിയ നോവല്‍ ആഴിയുടെ കവർചിത്രം


അഞ്ചാംക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള കെ സൗജത്തിന്റെ ജീവിതം വേദനകളുടേതായിരുന്നു. ആ ജീവിതാനുഭവങ്ങളില്‍നിന്നാണ് സൗജത്ത് എഴുത്തുകാരിയിലേക്ക് വളര്‍ന്നത്. കരുളായി മൈലമ്പാറ സ്വദേശി സൗജത്തിന് ചെറുപ്രായത്തിൽ പിതാവിനെ നഷ്ടമായി. പട്ടിണി മാറാൻ ഉമ്മയ്‌ക്കൊപ്പം ബീഡി തെറുപ്പിന്‌ പോയി. 18–ാം വയസ്സിൽ കല്യാണം. മൂന്ന് മക്കൾ. ബിസിനസ് തകർന്നപ്പോൾ ഭർത്താവ്‌ നാടുവിട്ടു. ജോലി തേടി 2005ൽ മസ്‌കത്തിലേക്ക്. വിസയിൽ പറഞ്ഞ ജോലിയല്ല കിട്ടിയത്‌. മൂന്ന്‌ അറബികളുടെ വീടുകളിലെ വേലക്കാരി. മൂന്ന്‌ വീട്ടുകാരുടെയും ആട്ടും തുപ്പും സഹിച്ചു. അർധപട്ടിണി. രാവും പകലും കഠിനമായ ജോലി. ശരീരം തളർന്ന്‌ മരണത്തെ മുഖാമുഖം കണ്ട ദിനങ്ങൾ. അർധരാത്രി കിട്ടിയ വിശ്രമവേളയിൽ ഉറങ്ങിയില്ല.


അറബിയുടെ മക്കൾ ഉപേക്ഷിച്ച കടലാസുതുണ്ടുകളിൽ അനുഭവങ്ങളെഴുതി. രണ്ട്‌ വർഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പോൾ 208 പേജുള്ള ജീവിതകഥയും സൗജത്ത്‌ കൈയിൽ കരുതി. ഒമ്പത്‌ വർഷം ആ കടലാസുതുണ്ടുകൾ നിധിപോലെ സൂക്ഷിച്ചു.

2016ൽ ആദ്യ നോവല്‍ ‘സ്പർശം’ പെരുമ്പാവൂരിലെ യെസ്‌ പ്രസ്‌ ബുക്‌സ്‌ നോവൽ വായനക്കാരിലെത്തിച്ചു. 2019ൽ ‘കാവൽ’ നോവലും പുറത്തിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home