കെ സ്മാര്‍ട്ട് പിആര്‍ വര്‍ക്ക് ആണെന്ന് പറഞ്ഞവര്‍ ഇന്ന് മാറ്റി പറയുന്നു, ഇത് വിപ്ലവം; മന്ത്രി എം ബി രാജേഷ്

കെ സ്മാര്‍ട്ട് ആപ്പ് ചിത്രം (ഇടത്) മന്ത്രി എം ബി രാജേഷ് (വലത്)
തിരുവനന്തപുരം: കെ സ്മാര്‍ട്ട് പദ്ധതി പിആര്‍ വര്‍ക്ക് ആണെന്ന് പറഞ്ഞവര്‍ ഇന്ന് മാറ്റി പറയുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കെ-സ്മാർട്ട് പദ്ധതി ഭരണനിർവഹണത്തിൽ വലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആലത്തൂരിനടുത്തുള്ള കാവശ്ശേരി പഞ്ചായത്തിൽ നടന്ന ഒരു വിവാഹത്തിനിടെ വധുവരന്മാർ കല്യാണപ്പന്തലിൽ വെച്ച് തന്നെ ഓൺലൈനായി മാരേജ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കുകയും, നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മാരേജ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത സംഭവം ഇതിന് തെളിവാണ്.
ഈ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ പലരും ഇത് പി ആർ വർക്ക് ആണെന്നും, അവധി ദിവസം പഞ്ചായത്ത് ജീവനക്കാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്നും പറഞ്ഞു. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. ഓഫീസ് എന്നത് ഇപ്പോൾ മൊബൈൽ ഫോണിൽ കൊണ്ടുനടക്കാവുന്ന ഒന്നായി മാറി, ആരും താക്കോലുമായി വന്ന് ഓഫീസ് തുറന്ന് കാത്തിരിക്കേണ്ട കാര്യമില്ല. വെറുമൊരു പാസ്‌വേഡും ഒരു ക്ലിക്കും ഉണ്ടെങ്കിൽ സേവനങ്ങൾ ലഭ്യമാകുമെന്നതാണ് പുതിയ കാലത്തെ മാറ്റം, മന്ത്രി പറഞ്ഞു.
കെ-സ്മാർട്ട് നിലവിൽ വന്ന ശേഷം ഇതുവരെ ഒരു കോടിയിലധികം ഫയലുകൾ കൈകാര്യം ചെയ്തതായും, ഇതിൽ തന്നെ 24 ലക്ഷത്തിലധികം ഫയലുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായാണ് കാണുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.










0 comments