'ജയിച്ചിട്ട് മക്കളെ കാണാൻ വരും'; വാക്ക് പാലിച്ച് കെ രാജൻ

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സയനയുടെ മക്കളെക്കാണാനെത്തുമെന്ന വാക്ക് പാലിച്ച് കെ രാജൻ. ഒല്ലൂർ മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ നൊമ്പരമായി മാറിയ പുത്തുമലയിൽ കെ രാജൻ എത്തി.
ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട സയനയുടെയും അനീഷിന്റെയും കുടുംബത്തെ കാണാനാണ് അദ്ദേഹം ബുധനാഴ്ച എത്തിയത്. ഉരുൾപൊട്ടലിൽ തങ്ങളുടെ മൂന്ന് മക്കളെയും അമ്മയെയും നഷ്ടപ്പെട്ട സയനയും അനീഷും രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒല്ലൂരിൽ എത്തിയിരുന്നു. അന്ന് സയനക്ക് നൽകിയ വാക്ക് പാലിക്കാനാണ് രാജൻ വയനാട്ടിലെത്തിയത്.
ദുരന്തത്തിൽ പൊലിഞ്ഞുപോയ മൂന്നര വയസ്സുകാരൻ ഇഷാൻ, ഏഴര വയസ്സുകാരൻ ധ്യാൻ, ഒൻപത് വയസ്സുകാരൻ നിവേദ് എന്നിവരുടെ കുഴിമാടങ്ങളിൽ രാജൻ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും സമർപ്പിച്ചു. ഏറെ നേരം ആ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ കുടുംബത്തിന് ലഭിച്ച പുതിയ വീട്ടിലും രാജൻ സന്ദർശനം നടത്തി. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച വരെ 145 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. നാലാം സോണിലെ ബി ക്ലസ്റ്ററിലെ 11 വീടുകൾ കൂടി ബുധനാഴ്ച താമസക്കാർക്ക് നൽകി.











0 comments