'അന്വേഷണം നേരിടാന്‍ ഭയമില്ല'; ഏതു കേസാണെന്ന് ഇ ഡി നോട്ടീസിൽ പറയുന്നില്ല: കെ രാധാകൃഷ്ണൻ

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ഡൽഹിയിൽനിന്നെത്തിയപ്പോഴാണ് ഇ ഡിയുടെ നോട്ടീസ് ലഭിച്ചതെന്നും ഏത് അന്വേഷണത്തെയും നേരിടാൻ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ എംപി. വ്യാഴാഴ്ച വൈകുന്നേരമാണ് നോട്ടീസ് വന്നകാര്യമറിയുന്നത്. സ്വാഭാവികമായും ഇന്നലെ ഹാജരാവാൻ കഴിയില്ല. അപ്പോൾ തന്നെ ഇഡി ഓഫീസിൽ കാര്യം അറിയിക്കുകയും പാർലമെന്റ് കഴിയുന്നത് വരെ ഹാജരാവാൻ കഴിയില്ലെന്ന് ഇഡി ഓഫീസിലേക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇ ഡി നോട്ടീസിൽ പറയുന്ന കാര്യമല്ല മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടും. എന്റെ ബാങ്ക് അക്കൗണ്ടുകളും ഭൂമി സംബന്ധമായ കാര്യങ്ങളും സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഏതു കേസാണ് എന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല.
എതിരാളികളെ അമർച്ച ചെയ്യാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങൾക്കെതിരായി നിൽക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കുകയെന്ന അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഏത് അന്വേഷണത്തെ നേരിടാനും ഭയമില്ല. ഏത് അന്വേഷണവും വരട്ടെയെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.









0 comments