print edition കേരളം കടക്കെണിയിലല്ല ; ആർബിഐയ്‌ക്ക് പിന്നാലെ സിഎജിയും പറഞ്ഞു

തിരുവനന്തപുരം
കേരളം കടക്കെണിയിലാണെന്ന ആരോപണത്തിൽ വസ്‌തുതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുറച്ചുവർഷങ്ങളായി കടമെടുപ്പ് കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പിൽ കേരളം 18ാം സംസ്ഥാനത്താണെന്നാണ് സിഎജിയുടെയും ആർബിഐയുടെയും റിപ്പോർട്ടുകൾ അടയാളപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്.
സിഎജിയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2023-–24ൽ കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിലെ സംസ്ഥാന നികുതി, നികുതിയേതര വരുമാനം 72.84 ശതമാനമാണ്. അഖിലേന്ത്യ ശരാശരി 57.77 ശതമാനം. 27.16 ശതമാനം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളുമായുള്ളത്. തനത് നികുതി, നികുതിയേതര വരുമാനം ഇരട്ടിയായതിനാലാണ് കേരളം പിടിച്ചുനിൽക്കുന്നത്. ആകെ റവന്യൂ വരുമാനത്തില്‍ സ്വന്തം വരുമാനത്തിന്റെ അനുപാതം ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ആറാമതാണ് കേരളം. ബഹുഭൂരിപക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മൊത്തം റവന്യൂ വരുമാനത്തില്‍ വലിയ പങ്ക് കേന്ദ്ര വിഹിതമാണ്. ബിഹാറിന് 72.27, ഉത്തര്‍പ്രദേശിന് 55.48, ബംഗാളിന് 53.25 എന്നിങ്ങനെയാണ് കേന്ദ്രവിഹിതത്തിലെ ശതമാനം. 16 സംസ്ഥാനങ്ങള്‍ക്കാണ് മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കേന്ദ്രവിഹിതവും ലഭിക്കുന്നത്. ഇവയിൽ ഭൂരിപക്ഷവും ബിജെപി ഭരണപങ്കാളിത്തമുള്ളതാണ്.
കേന്ദ്ര നികുതി വിഹിതത്തിന്റെ 72 ശതമാനവും 10 സംസ്ഥാനങ്ങള്‍ക്കായാണ് ലഭിക്കുന്നത്. ബാക്കി 28 ശതമാനം 18 സംസ്ഥാനങ്ങൾക്കും. ഉത്തര്‍പ്രദേശിനാണ് ഏറ്റവും വലിയ വിഹിതം– 17.94 ശതമാനം. ബിഹാറിന് 10.06, മധ്യപ്രദേശിന് 7.85, പശ്ചിമ ബംഗാളിന് 7.52, മഹാരാഷ്‌ട്രയ്‌ക്ക് 6.32, രാജസ്ഥാന് 6.03, ഒഡിഷയ്‌ക്ക് 4.53 എന്നിങ്ങനെ. കേരളത്തിന് വെറും 1.93 ശതമാനമാണ്.
കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്– 24.88 ശതമാനം. ദേശീയ ശരാശരി 26.11 ശതമാനമാണെന്നും സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മന്ത്രി പറഞ്ഞു.
മന്ത്രി ബാലഗോപാൽ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും ; സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കും
ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുമായുള്ള കേന്ദ്ര ധനമന്ത്രിയുടെ ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്‌ച ന്യൂഡൽഹിയിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള കൂടിക്കാഴ്‌ച. കേരളത്തിന്റെ ആവശ്യങ്ങൾ നിവേദനമായി സമർപ്പിക്കും.
കഴിഞ്ഞ വർഷം ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. സ്‌പെഷൽ പാക്കേജ്, കടമെടുപ്പ് പരിധിയുയർത്തൽ, നികുതിവിഹിതത്തിലെ വർധന, വിഴിഞ്ഞം വികസനപാക്കേജ്, റെയിൽ പദ്ധതികൾ, ജിഎസ്‌ടി നഷ്ടപരിഹാരം തുടങ്ങി വിവിധ ആവശ്യങ്ങളാണുയർത്തിയത്. ഇക്കാര്യം ഇത്തവണയും ഉന്നയിക്കും.










0 comments