എ കെ ആന്റണിയുടെ വാദം വസ്തുതാവിരുദ്ധം
print edition കൈമാറിയത് സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവ്: കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ വാദം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽനിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നനിലയിൽവേണം എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ. ഏതുനിലയിലും സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് തങ്ങൾ കൈമാറിയിട്ടുള്ളത്. പ്രകടനപത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതലയൊഴിഞ്ഞത്.
സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025-– 26 സാമ്പത്തികവർഷംമാത്രം സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് രണ്ട് ലക്ഷം കോടി രൂപയിലധികമാണ്. ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് ശരാശരി 70,000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷികച്ചെലവ്.
കേന്ദ്രം നാനാവിധത്തിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസംപോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമപെൻഷൻ ഒരു ഗഡുപോലും കുടിശ്ശികയുണ്ടായില്ല. സംസ്ഥാനത്തിന്റെ പൊതുകടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചുശതമാനത്തിലധികം കുറഞ്ഞു. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽപോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധനദൃഢീകരണം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചുമതല ഏറ്റെടുത്തപ്പോൾ നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചുനോക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണെന്നും കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.











0 comments