സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററിൽ; എനിക്ക് സ്വന്തമായി ഡിഎംഒയെ വയ്ക്കാൻ കഴിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡിഎംഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. തനിക്ക് സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ കഴിയില്ലെന്നും, ഡിപിസി ലിസ്റ്റ് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രിയുടെ വാദം.
ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും നിയമന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ മാലിന്യ പ്രശ്നത്തിൽ സർക്കാർ കടുത്ത ആശങ്കയിലാണെന്ന് മന്ത്രി അറിയിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ സർക്കാർ ഭയപ്പെടുന്നത് മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയെയാണ്. മാലിന്യം അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ വരാനിരിക്കുന്ന കാലവർഷത്തോടൊപ്പം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നഗരസഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടി ജില്ലാ ഘടകമാണ് തീരുമാനമെടുക്കേണ്ടതെന്നും അതിൽ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിലും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരും നഗരസഭയും തമ്മിൽ പഴിചാരുന്നതല്ലാതെ പ്രായോഗികമായി ഒരു തീരുമാനം വരുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.










0 comments