'ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഉറച്ചുനിൽക്കുന്നു'; ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച സതീശനെ തള്ളി ഷാജിയും മുനീറും

കെ എം ഷാജി, എം കെ മുനീർ
നിലമ്പൂർ: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടുകയും ന്യായീകരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി മുസ്ലീം ലീഗ് നേതാക്കൾ. ജമാഅത്തെ ഇസ്ലാമി വർഗീയകക്ഷിയല്ലെന്നും മതരാഷ്ട്രവാദികളല്ലെന്നുമുള്ള സതീശന്റെ നിലപാട് ലീഗ് നേതാക്കളായ കെ എം ഷാജിയും എം കെ മുനീറും തള്ളി.
ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലീം ലീഗിനുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തിൽ അവർ മാറ്റംവരുത്തിയെന്ന് ലീഗ് പറഞ്ഞിട്ടില്ല ജമാ അത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് വേറിട്ട് നില്‍ക്കുന്നതെന്നും ഷാജി ചോദിച്ചു.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ തിരുത്തിയിട്ടില്ലെന്ന് എം കെ മുനീറും പ്രതികരിച്ചു. രാഷ്ട്രീയപാർടി രൂപീകരിക്കുന്നതിനും മുൻപ് മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി കത്തിച്ചുനിർത്തിയതാണ്. അന്ന് എഴുതിയ ലേഖനങ്ങളിലോ നടത്തിയ പ്രസംഗങ്ങളിലോ ഇപ്പോഴും മായം ചേർക്കുന്നില്ലെന്നും മുനീർ പറഞ്ഞു.










0 comments