ലീഗ് വഴിയിൽ ജമാഅത്തെ ; സർട്ടിഫിക്കറ്റുമായി കെ എം ഷാജിയും

കോഴിക്കോട്
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ല കാര്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ലീഗിന്റെ വഴിയിലാണിപ്പോൾ ജമാഅത്തെ ഇസ്ലാമി. അവരേതാ, നമ്മളേതാ എന്ന് മനസ്സിലാകാനാകില്ലെന്നും ഷാജി പറഞ്ഞു. കോഴിക്കോട് നടന്ന കെഎംസിസി പരിപാടിയിലാണ് ഷാജി മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. നേരത്തെ ജമാഅത്തെ വിരുദ്ധനാണെന്ന് മേനിനടിച്ച് ഷാജി ലേഖനം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ആർഎസ്‌എസിനോട് ജമാഅത്തെയെ ഉപമിച്ചിരുന്നു. എന്നാൽ അതെല്ലാം വിഴുങ്ങിയാണ് പുതിയ ന്യായീകരണം.
മതരാഷ്‌ട്രവാദത്തെയും തീവ്രവാദ ആചാര്യനായ മൗദൂദിയെയും ന്യായീകരിച്ച് ജമാഅത്തെ യുവജനസംഘടന കഴിഞ്ഞ ദിവസവും മലപ്പുറത്ത് ചർച്ച സംഘടിപ്പിച്ചിരുന്നു.
മൗദൂദിയൻ ആശയവും മതരാഷ്‌ട്രവാദവും തള്ളാതെ തീവ്രനിലപാട് പിന്തുടരുന്നതിനിടയിലാണ് ലീഗ് നേതാക്കൾ തുടർച്ചയായി ജമാഅത്തെയെ വാഴ്‌ത്തുന്നത്. ജമാഅത്തെയുമായി പഞ്ചായത്ത്–നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യ സാധ്യതയുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗിനൊപ്പം കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുകയാണ്. അവർ മതരാഷ്‌ട്രവാദികളല്ലെന്നായിരുന്നു നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സർട്ടിഫിക്കറ്റ്. കോൺഗ്രസ്–ലീഗ് പ്രമുഖർ ജമാഅത്തെ ബന്ധം ശക്തമാക്കാൻ അരങ്ങൊരുക്കുന്പോഴും ഇരുപാർടികളിലും ഇൗ അവിശുദ്ധബന്ധത്തെ എതിർക്കുന്ന വലിയൊരു നേതൃനിരയുണ്ട്.
ലീഗനുകൂലമായറിയപ്പെടുന്ന പ്രബല സുന്നി സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുജാഹിദ് വിഭാഗങ്ങളുമെല്ലാം ജമാഅത്തെയുമായുള്ള ബന്ധം പാടില്ലെന്ന കർശനനിലപാട് പുലർത്തുന്നവരാണ്.










0 comments