ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി 'വിഷന്‍ -2030'
print edition സമ്പൂർണ വൈദ്യുതീകരണ പദ്ധതി ; നൽകിയത് 1,50,219 വൈദ്യുതി കണക്‌ഷൻ

തിരുവനന്തപുരം
സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിലൂടെ 1,50,219 വൈദ്യുതി കണക്‌ഷനുകൾ നൽകിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. 1000വാട്ട് വരെ കണക്ടഡ് ലോഡുള്ള ബിപിഎൽ കുടുംബങ്ങൾ, പോസ്റ്റ് ആവശ്യമില്ലാത്ത കണക്‌ഷനുകൾ, 250 മീറ്റർ വരെ ലൈൻ വലിക്കേണ്ട പോസ്റ്റ് ആവശ്യമുള്ള കണക്‌ഷനുകളും കെഎസ്ഇബിയുടെ തനതു ഫണ്ടുപയോഗിച്ച് നൽകുന്നു.
ബിപിഎൽ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 മുതൽ ഡിസംബർ 2025 വരെ 1,33,214 വൈദ്യുതി കണക്‌ഷനുകൾ നൽകി. വൈദ്യുതി കണക്‌ഷൻ അതിവേഗം നൽകുന്നതിന്റെ ഭാഗമായി നടപടി ക്രമങ്ങൾ ലഘൂകരിച്ചു. അപേക്ഷാ ഫോറം ലളിതമാക്കി. 100 ചതുരശ്ര മീറ്ററോ അതിൽ താഴെയോ വിസ്തൃതിയുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും 1500 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വ്യക്തിഗത വീടുകൾക്ക് താൽക്കാലിക റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും കണക്‌ഷൻ നൽകും. ഗാർഹിക വൈദ്യുതി കണക്‌ഷന് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ബിൽഡിങ് പെർമിറ്റ്/പ്ലാൻ എന്നിവയും ഉടമസ്ഥാവകാശ രേഖയായി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി 'വിഷന്‍ -2030'
സംസ്ഥാനത്തെ ഊര്‍ജ സ്വയം പര്യാപ്തത ലക്ഷ്യമാക്കി "വിഷന്‍-2030' പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി സഭയിൽ അറിയിച്ചു. 2040-ഓടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത പൂര്‍ണമായും പുനരുപയോഗ ഊർജ സ്രോതസുകളില്‍ നിന്നു കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 3,300 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് നിലയങ്ങളും 3,000 മെഗാവാട്ട് /5,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികളും നടപ്പാക്കും. 1500 മെഗാവാട്ട് വന്‍കിട ജലവൈദ്യുത പദ്ധതികളില്‍നിന്നു കണ്ടെത്താനാണ് ശ്രമം.
പത്തുവർഷത്തിനുള്ളിൽ 1,798.94 മെഗാവാട്ട് സൗരോർജ സ്ഥാപിത ശേഷി കൈവരിക്കാൻ സംസ്ഥാനത്തിനായി. "സൗര' പുരപ്പുറ സോളാർ പദ്ധതിയുടെ കീഴിൽ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങൾ കമ്മീഷൻ ചെയ്തു. വിവിധ പദ്ധതികളിലായി 1595.6 മെഗാവാട്ട് ഗ്രിഡിലേക്കു കൂട്ടിചേർത്തു. അനെർട്ട് മുഖേന 2021 മുതല്‍ നാളിതുവരെ ഗാർഹിക, സർക്കാർ, പൊതുസ്ഥാപനങ്ങൾ ഉൾപ്പടെ 36.841 മെഗാവാട്ടിന്റെ 4215 സൗരോർജ നിലയങ്ങൾ സ്ഥാപിച്ചു.










0 comments