ad
Deshabhimani

നീതിയെത്തി, 17 വർഷത്തിന്‌ ശേഷം; ആർഎസ്എസ് നരാധമസംഘം വെട്ടിനുറുക്കിയത് നാടിന്റെ പ്രിയപ്പെട്ടവനെ

Thalayi latesh murder case rss activists

പ്രതികളായ ആർഎസ്എസ്, ബിജെപി പ്രവർത്തകർ (ഇടത്), കെ ലതേഷ് (വലത്)

avatar
പി ദിനേശൻ

Published on Jan 08, 2026, 02:56 PM | 2 min read

തലശേരി: പതിനേഴ്‌ വർഷം മുൻപുള്ള പുതുവർഷപ്പുലരിയെ കണ്ണീരിലാഴ്‌ത്തിയ ആർഎസ്‌എസ്‌ നരാധമസംഘം കൽത്തുറുങ്കിലേക്ക്‌. പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ കടലിന്റെ വിരിമാറിലിട്ട്‌ കഴുത്തിന്‌ വെട്ടിയും കാലിനും ശരീരത്തിലും മാരകമായി പരിക്കേൽപിച്ചും കൊലപ്പെടുത്തിയവർക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. സിപിഐ എം നേതാവായിരുന്ന കെ ലതേഷിനെ കടലമ്മയുടെ വിരിമാറിലിട്ട്‌ വെട്ടിനുറുക്കി കൊന്നവരെയാണ്‌ തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.


വിലപ്പെട്ട ജീവന്‌ ഒന്നും പകരമാവില്ലെങ്കിലും നീതിക്കായ കാത്തിരുന്ന ലതേഷിന്റെ കുടുംബത്തിനും നാടിനും ആശ്വാസം പകരുന്നതാണ്‌ ഇ‍ൗ വിധി. തലായി പ്രദേശത്തെ ജനകീയനായ പൊതുപ്രവർത്തകനെയാണ്‌ പതിനേഴ് വർഷം മുൻപ് ആർഎസ്‌എസുകാർ കടലിലിട്ട്‌ കൊന്നത്‌. രാഷ്‌ട്രീയ ഭേദമില്ലാതെ ഏവർക്കും പ്രിയങ്കരനായ പൊതുപ്രവർത്തകനായിരുന്നു ലതേഷ്‌. ജോലിയില്ലാത്ത ദിവസങ്ങളിൽ മിക്കവാറും താലൂക്ക്‌ ഓഫീസിലോ, നഗരസഭ ഓഫീസിലോ ലതേഷിനെ കാണും. ഏതെങ്കിലും കുടുംബത്തിന്റെ റേഷൻകാർഡിൽ പേര്‌ ചേർക്കാനോ, സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും അപേക്ഷ നൽകാനോ ആവും വരവ്‌.


മത്സ്യബന്ധന ജോലിയിൽ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം ഇതുപോലുള്ള സാമൂഹ്യസേവനത്തിനായാണ്‌ വിനിയോഗിച്ചത്‌. സർക്കാർ ഓഫീസുകളിൽ ബന്ധപ്പെടാൻ ആർഎസ്‌എസുകാരുടെ വീടുകളിൽ നിന്നടക്കം തൊഴിലാളികൾ സമീപിച്ചത്‌ ഇ‍ൗ സഖാവിനെയായിരുന്നു. ഇ‍ൗ ജനസമ്മതിയാണ്‌, ജനകീയതയാണ്‌ ആർഎസ്‌എസിനെ പ്രകോപിപ്പിച്ചതും. പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും ലതേഷ്‌ കീഴടങ്ങാതെ തന്റെ പൊതുപ്രവർത്തനം തുടർന്നു. സിപിഐ എമ്മിന്റെയും മത്സ്യതൊഴിലാളിയൂനിയന്റെയും സമരങ്ങളിൽ മുൻനിര പോരാളിയായി.


കൊലപാതകത്തിന്‌ രണ്ട്‌ ദിവസംമുൻപ്‌ ടെമ്പിൾഗേറ്റ്‌ അറക്കളം മുക്കിൽവെച്ച്‌ സിപിഐ എം പ്രവർത്തകനൈ ആർഎസ്‌എസുകാർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. നിരപരാധികളുടെ പേര്‌ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ബിജെപി നേതാവ്‌ അജേഷിന്റെ നേതൃത്വത്തിൽ ഒരു സംഘം വീട്ടിലെത്തി ലതേഷിനെ ഭീഷണിപ്പെടുത്തി. ഇതിന്‌ പിന്നാലെയാണ്‌ ആ ജനകീയനേതാവിനെ ഇല്ലാതാക്കിയത്‌.


പുതുവർഷപ്പിറവിയുടെ തലേനാൾ ഡിസംബർ 31ന്‌ വൈകിട്ട്‌ 5.30നാണ്‌ ആർഎസ്‌എസുകാർ കൊലക്ക്‌ തെരഞ്ഞെടുത്തത്‌. ഇ‍ൗ സമയം ചക്യത്ത്‌മുക്കിലെ ക്ലാസിക്‌ മാർബിൾ കടയുടെ പിന്നിൽ സംസാരിച്ചു നിൽകുയായിരുന്നു ലതേഷ്‌. ചക്യത്ത്‌മുക്ക്‌ ഭാഗത്ത്‌നിന്നും എൻഎച്ച്‌ റോഡിൽ നിന്നും മഴുവും ബോംബും വാളുമായെത്തിയ 11 പേരാണ്‌ ലതേഷിനെ വളഞ്ഞിട്ട്‌ ആക്രമിച്ചത്‌. ആദ്യത്തെ വെട്ടേറ്റതോടെ ലതേഷ്‌ പ്രാണരക്ഷാർഥം കടലിലേക്ക്‌ ഓടിയെങ്കിലും പിന്നാലെ എത്തിയവർ ആദ്യം കഴുത്തിന്‌ തന്നെ വെട്ടി. കടലിൽ വീണ ലതേഷിനെ അവിടെ വെച്ചുതന്നെ വാളും മഴുവും ഉപയോഗിച്ച്‌ കൊത്തിനുറുക്കി.


ദേശാഭിമാനിയുമായി ഉറ്റബന്ധം


തലായിയിലെ വാർത്തകളുമായി സ്ഥിരമായി ദേശാഭിമാനിയിലെത്തിയ നേതാവായിരുന്നു ലതേഷ്‌. കൊല്ലപ്പെടുന്നതിന്‌ രണ്ട്‌ ദിവസം മുൻപും വാർത്തയുമായി വന്നതാണ്‌. കടലോര മേഖലയിലെ ചെറുചലനങ്ങൾ പോലും തന്റെ സ്വന്തം പത്രത്തിൽ വാർത്തയായി വരണമെന്ന്‌ ആത്മാർഥമായി അദ്ദേഹം ആഗ്രഹിച്ചു. മത്സ്യതൊഴിലാളി യൂണിയൻ ഏരിയീകമ്മിറ്റിയുടെ പ്രസ്‌താവനകളുമായും ഇടയ്‌ക്കിടെ വരും. ദേശാഭിമാനിയുമായി ഉറ്റബന്ധം പുലർത്തിയ സഖാവിനെയാണ്‌ ആർഎസ്‌എസുകാർ ഇല്ലാതാക്കിയത്‌.


ആറ്‌ വർഷംമുൻപ് ആരംഭിച്ച വിചാരണ


ലതേഷ്‌ വധക്കേസ്‌ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി (നാല്‌)യിൽ 2020 ജനുവരി 8നാണ്‌ ആരംഭിച്ചത്‌. ആറ്‌ വർഷം പിന്നിടുമ്പോണ്‌ വിധിപറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home