print edition പാലായിൽ പലതും മാറും

വിജയം ഈ കരങ്ങളിൽ പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഇളങ്ങുളത്ത് ഹരിത കർമ സേനാഗങ്ങളോടൊപ്പം, ഫോട്ടോ: മനു വിശ്വനാഥ്
പി സി പ്രശോഭ്
Published on Mar 25, 2026, 12:00 AM | 2 min read
പാലാ: പാലാ എംഎൽഎ മാണി സി കാപ്പനോട്, വികസന കാര്യത്തിൽ മണ്ഡലം പിന്നോക്കമല്ലെ എന്നൊരു ചോദ്യം ചോദിച്ചു മാധ്യമ പ്രവർത്തകർ. കാരണം എംഎൽഎ കൂളായി പറയുന്നത് കേട്ട് തലയിൽ കൈവച്ചുപോയി പാലാക്കാർ. ‘തന്റെ മണ്ഡലത്തിൽ മാത്രമല്ല; മോൻസിന്റെ കടുത്തിരുത്തിയിലും വികസനമില്ലത്രെ!’– എങ്ങനെയുണ്ട് ന്യായീകരണം! വികസനം തലയേറ്റിയ പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണിപ്പോൾ പാലാ മണ്ഡലം. അസൂയപ്പെടുത്തുന്ന വികസനവുമായി മുന്നേറിയിരുന്ന പാലാക്കായി കഴിഞ്ഞ അഞ്ച് വർഷമായി നിയമസഭയിൽ സംസാരിക്കാൻ ആളില്ല.
വികസനക്കാലം തിരിച്ചുപിടിക്കണം – അതാണ് എൽഡിഎഫ് ഉയർത്തുന്ന മുദ്രാവാക്യം. എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. നിയമസഭയിൽ ജോസിനിത് രണ്ടാമങ്കം. സിറ്റിങ് എംഎൽഎയായ മാണി സി കാപ്പനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്ക് വേണ്ടി ഷോൺ ജോർജും മത്സരിക്കുന്നു. എംഎൽഎയെക്കാളധികം വികസനപദ്ധതികൾ രാജ്യസഭാ എംപിയായ ജോസ് കെ മാണി കൊണ്ടുവന്നതിന്റെ കഥയാണ് പാലായ്‌ക്ക് പറയാനുള്ളത്. വലവൂരിൽ 250 കോടി രൂപയിലധികം മുതൽമുടക്കി ട്രിപ്പിൾ ഐടി കൊണ്ടുവന്നത് ജോസിന്റെ നിരന്തര പരിശ്രമത്തിലൂടെയായിരുന്നു. വികസനവിഷയങ്ങളിൽ എംഎൽഎ മാറിനിന്നപ്പോൾ ജോസ് കെ മാണി അവിടെയെല്ലാം ഓടിയെത്തി. ആ കരുതൽ ഒരിക്കലും പാലാ മണ്ഡലത്തിൽ ഒതുങ്ങിനിന്നില്ല. മാധ്യമ പഠനകേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ പാമ്പാടിയിൽ കൊണ്ടുവന്നു.
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായിൽ യാഥാർഥ്യമാക്കിയതിന് പിന്നിലെ കരുത്തും ജോസായിരുന്നു. പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ചേർന്നതാണ് പാലാ മണ്ഡലം. രൂപീകരിച്ച 1965 മുതൽ അരനൂറ്റാണ്ടിലേറെ കെ എം മാണി യുഗം. മാണിയുടെ നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പാലാ ആദ്യമായി "ചുവന്നത്'. അന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ വിജയിച്ചു. പിന്നീട് യുഡിഎഫിലേക്ക് കാലുമാറിയ കാപ്പൻ 2021ൽ പാലായിൽനിന്ന് ജയിച്ചു. എംഎൽഎ തിരിഞ്ഞുനോക്കിയില്ലെങ്കിലും എൽഡിഎഫ് സർക്കാർ പാലായെ മറന്നില്ല.
കെ എം മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കി. അത്‌ലറ്റിക്‌സ് തലസ്ഥാനമായ പാലായ്‌ക്ക് മികച്ച സിന്തറ്റിക് ട്രാക്കുള്ള സ്‌റ്റേഡിയമുണ്ടായി. മേലുകാവ്–ഇലവീഴാപ്പൂഞ്ചിറ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു. 1,248 കോടി രൂപ മുടക്കുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മലങ്കര–മീനച്ചിൽ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നു. പാലായുടെ എല്ലാമെല്ലാമായ റബറിന് താങ്ങുവില 200 ആക്കിയതും എൽഡിഎഫ് സർക്കാർതന്നെ. കൺവൻഷനുകൾ പൂർത്തിയാക്കി ജോസ് കെ മാണി പാലായിൽ കളം നിറയുകയാണ്. ബിജെപിക്ക് വേണ്ടി ഷോൺ ജോർജിനെ പ്രാദേശിക നേതൃത്വം പോലുമറിയാതെയാണ് നിശ്‌ചയിച്ചത്.










0 comments